Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ കായലുകളും തോടുകളും കരകവിഞ്ഞൊഴുകുന്നു, അടിയൊഴുക്ക് ശക്തം; ജാഗ്രതനിർദേശം

ആലപ്പുഴയില്‍ കായലുകളും തോടുകളും കരകവിഞ്ഞൊഴുകി നഗരത്തിലേക്കു വെള്ളം കയറുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. അപകടകരമായതോതില്‍ വെള്ളത്തിന്റെ ഉയര്‍ച്ച രെഖപ്പെടുത്തി. അടിയൊഴുക്ക് ശക്തമാണ്. എഎസ് കനാല്‍ കവിഞ്ഞ് ആലപ്പുഴയിലേക്കു വെള്ളം കയറുന്നുണ്ട്. പല വീടുകളിലും വെള്ളം കയറുകയാണ്

Flood affect alappuzha
Author
Alappuzha, First Published Aug 18, 2018, 9:01 PM IST

ആലപ്പുഴ: ആലപ്പുഴയില്‍ കായലുകളും തോടുകളും കരകവിഞ്ഞൊഴുകി നഗരത്തിലേക്കു വെള്ളം കയറുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. അപകടകരമായതോതില്‍ വെള്ളത്തിന്റെ ഉയര്‍ച്ച രെഖപ്പെടുത്തി. അടിയൊഴുക്ക് ശക്തമാണ്. എഎസ് കനാല്‍ കവിഞ്ഞ് ആലപ്പുഴയിലേക്കു വെള്ളം കയറുന്നുണ്ട്. പല വീടുകളിലും വെള്ളം കയറുകയാണ്. നഗരത്തിലെ മട്ടാഞ്ചേരി പാലം കൊമ്മാടി പാലം റോഡില്‍ വെള്ളം. ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ മഴ അല്‍പം ശമിച്ചിരുന്നെങ്കിലും വീണ്ടും മഴ തുടങ്ങി. വേമ്പനാട് കായലിലെ എല്ലാ ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി പിടിച്ചെടുക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി. ബോട്ടുകള്‍ നല്‍കാത്തവരുടെ ലൈസന്‍സ് റദ്ദാക്കും. 30 ബോട്ടുകള്‍ കലക്ടര്‍ പിടിച്ചെടുത്തു.

ചെട്ടികുളങ്ങരയില്‍ വെള്ളത്തില്‍ വീണു യുവാവ് മരിച്ചു. മാവേലിക്കര കണ്ണമംഗലം വടക്ക്‌സ്വാതി ഭവനത്തില്‍ രാഹുല്‍ (24) ആണു മരിച്ചത്. ചെട്ടികുളങ്ങര സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്നു സ്വന്തം വീടുകളിലെ സാധനങ്ങള്‍ എടുക്കാന്‍ വള്ളത്തില്‍ പോയവരാണു വീടിനു സമീപത്തെ പാടശേഖരത്തില്‍ രാഹുലിന്റെ മൃതദേഹം കണ്ടത്. വൈഎംസിഎ റോഡില്‍ വെള്ളം, റോഡ് നിരപ്പിനൊപ്പം. നഗരത്തിലെ മാതാ ജെട്ടിയില്‍ ബോട്ട് നില്‍ക്കുന്നതു റോഡ് നിരപ്പിനു മുകളിലാണ്. കുട്ടനാട്ടില്‍നിന്നു രക്ഷാബോട്ടുകളില്‍ ധാരാളം പേര്‍ മാതാ ജെട്ടിയിലേക്കെത്തുന്നുണ്ട്. ദേശീയപാത ഗതാഗതം ഇതുവരെ മുടങ്ങിയിട്ടില്ല. എറണാകുളം-തിരുവനന്തപുരം പാതയില്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നു.

ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ചേര്‍ത്തല താലൂക്കിലുള്‍പ്പെടെ കായലോര പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. ആലപ്പുഴ നഗരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും കടലിലേക്കുള്ള ഒഴുക്ക് വേഗത്തിലാക്കാനും വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവ ബീച്ച് ഭാഗത്തു തുറക്കുന്നതിന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു നിര്‍ദ്ദേശം നല്‍കി. ബീച്ചിലേക്കു കനാല്‍ തുറക്കുന്നതു സമയബന്ധിതമായി നിരീക്ഷിക്കാനും ഒഴുക്കു സുഗമമാണെന്ന് ഉറപ്പാക്കാനും നഗരസഭാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കുട്ടനാട് കണ്ടുകൊണ്ടിരിക്കുന്നതു ചരിത്രത്തിലെ സമാനതകളില്ലാത്ത വെള്ളപ്പൊക്കം. കുട്ടനാട്ടിലെ സ്ഥിതി ഗുതുതരമെന്ന് അവിടെ നിന്നെത്തുന്നവര്‍ പറയുന്നു. വെള്ളം ഉയരുന്നുണ്ട്. പല രക്ഷാക്യാംപുകളിലും വെള്ളം കയറി, ചമ്പക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. കണ്ടംകരിയിലെ ക്യാംപില്‍ വെള്ളം കയറിയെന്ന് അവിടെനിന്നു പുറത്തെത്തിയവര്‍ അറിയിക്കുന്നു. പലരേയും കുറിച്ചു വിവരമില്ലെന്നു നാട്ടുകാര്‍ കരഞ്ഞു പറയുന്നു. പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ കിഴക്കേ മേഖലകളില്‍ ആളുകള്‍ കുടുങ്ങി. കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ കുട്ടനാട് ഭാഗത്തെ കായലിലേക്ക് പുറപ്പെടുന്നു. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുന്നു. 

ചേര്‍ത്തലയില്‍ തുറന്ന ക്യാംപുകളിലേക്ക് 4500ല്‍ അധികം പേരെ മാറ്റി. തിരുവനന്തപുരത്തുനിന്നു വന്ന ഒരുലോഡ് മരുന്ന് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. രാമങ്കരി, മുട്ടാര്‍ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും എന്‍ഡിആര്‍എഫിന്റെ ഓരോ ടീമിനെ നിയോഗിച്ചു. മുട്ടാര്‍, രാമങ്കരി ഭാഗത്തേക്ക് എന്‍ഡിആര്‍എഫിന്റെ രണ്ടാമത്തെ സംഘത്തെയും നിയോഗിച്ചു. ലഭ്യമായ ശിക്കാര വള്ളങ്ങളും വഞ്ചിവീടുകളും തലവടി, എടത്വ, മുട്ടാര്‍ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു.

Follow Us:
Download App:
  • android
  • ios