പ്രകൃതി ക്ഷോഭത്തില്‍ യാതന അനുഭവിക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുമെന്നും അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടുന്ന സ്ഥിതി ഉണ്ടാകില്ലെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  

ഇടുക്കി: പ്രകൃതി ക്ഷോഭത്തില്‍ യാതന അനുഭവിക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുമെന്നും അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടുന്ന സ്ഥിതി ഉണ്ടാകില്ലെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

യാന്ത്രികമായി കണക്കെടുത്തല്ല യഥാര്‍ത്ഥ നഷ്ടം വിലിയിരുത്തി വേണം നാശനഷ്ടത്തിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കാനെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. അനര്‍ഹരെ ഒഴിവാക്കുന്നതുപോലെ തന്നെ അര്‍ഹരായ ആരും ഒഴിവാക്കപ്പെട്ടിട്ടില്ല എന്നും ഉറപ്പാക്കണം. 10,000 രൂപയുടെ അടിയന്തര സാമ്പത്തിക സഹായം എത്രയും പെട്ടെന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലൂടെ നല്‍കണം. അര്‍ഹമായ നഷ്ടപരിഹാരം വളരെ വേഗത്തില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. 

ജനങ്ങളുടെ ദുരിതമകറ്റുന്നിതിനൊപ്പം റോഡുകളുടെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ക്യാമ്പില്‍ നിന്ന് മടങ്ങുന്നതിന് വീടുകളില്ലാത്തവരുടെ പ്രശ്‌നം പരിഹരിക്കും. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് കൃത്യമായും വേഗത്തിലും വിശദമായും നടത്തണമെന്നും വാസയോഗ്യമല്ലാത്ത വീടുകളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. ഇടുക്കിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം വലിയ നാശനഷ്ടമാണ് ഉണ്ടായതെന്നും ജില്ലയുടെ പുനര്‍നിര്‍മിതിയാണ് ഇനി വേണ്ടതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം എന്നും ബിനോയ് വിശ്വം എം.പി ചൂണ്ടിക്കാട്ടി. 

തകര്‍ന്ന റോഡുകളെല്ലാം പുനര്‍നിര്‍മിക്കണ്ടതുണ്ടെന്നും ഇതിന് കൃത്യവും ബൃഹത്തായതുമായ ആസൂത്രണം തന്നെ ആവശ്യമുണ്ടെന്നും പി.ജെ.ജോസഫ് എം.എല്‍.എ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലൂടെ വീണ്ടും വലിയ തോതില്‍ വെള്ളം തുറന്നുവിട്ടാല്‍ ഇപ്പോള്‍ ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയ 600 ലേറെ കുടംബങ്ങള്‍ വീണ്ടും പ്രതിസന്ധിയിലാകുമെന്നും ഇവരെ സ്ഥിരമായി പുനരധിവസിപ്പിക്കാന്‍ നടപടിവേണമെന്നും ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. 

പഞ്ചായത്തുകളില്‍ എന്‍ജിനീയര്‍മാരുടെ അപര്യാപ്തത ദുരിതാശ്വാസ നടപടികളെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ചെറുതോണിയില്‍ നിന്ന് കട്ടപ്പനയിലേക്ക് പൂര്‍ണഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നും പാലം നിര്‍മിക്കാന്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടണമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.