നെഞ്ചിടിപ്പിന്‍റെ നാലഞ്ച് ദിന രാത്രങ്ങള്‍ പിന്നിട്ട ചാലക്കുടി പതിയെ സമാശ്വാസത്തിന്‍റെ നെടുവീര്‍പ്പിടുന്നു. കേരളക്കരയില്‍ ചെറുതോണിക്കും ചെങ്ങന്നൂരിനുമൊപ്പം ഭയന്നുനിലവിളിച്ച ചാലക്കുടിയുടെ മീതെ കലിയടങ്ങാതെ നിന്ന കാര്‍മേഘം പിന്‍വാങ്ങുകയാണ്. 

തൃശൂര്‍: നെഞ്ചിടിപ്പിന്‍റെ നാലഞ്ച് ദിന രാത്രങ്ങള്‍ പിന്നിട്ട ചാലക്കുടി പതിയെ സമാശ്വാസത്തിന്‍റെ നെടുവീര്‍പ്പിടുന്നു. കേരളക്കരയില്‍ ചെറുതോണിക്കും ചെങ്ങന്നൂരിനുമൊപ്പം ഭയന്നുനിലവിളിച്ച ചാലക്കുടിയുടെ മീതെ കലിയടങ്ങാതെ നിന്ന കാര്‍മേഘം പിന്‍വാങ്ങുകയാണ്. 

ചാലക്കുടിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഡെപ്യൂട്ടി കളക്ടര്‍ ഗിരീഷ്, തഹസില്‍ദാര്‍ മോളി ചിറയത്ത് എന്നിവര്‍ക്കെതിരെ ഉണ്ടായ പരാതി ജില്ലാ ഭരണകൂടം ഗൗരവത്തിലെടുത്തിട്ടുണ്ട്. ചാലക്കുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇവര്‍ യാതൊരു നടപടികളും കൈകൊണ്ടില്ലെന്നാണ് ആക്ഷേപം. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തിയ റവന്യ വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടു. ചാലക്കുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ റെജിലിന് കൈമാറി.

രക്ഷാപ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ ഇപ്പോഴും നാടുമുഴുവെ അലയുകയാണ്. എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയവരെ തേടി മനുഷ്യക്കൂട്ടം ഇടതടവില്ലാതെ യത്‌നിക്കുന്ന കാഴചയാണ് ചാലക്കുടിയില്‍. സൈന്യവും മുങ്ങല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന സംഘങ്ങള്‍ ഇന്ന് രാവിലെയോടെ ചാലക്കുടിയില്‍ നിന്ന് തൊട്ടപ്പുറത്തെ കുഴൂര്‍ മേഖലയിലേക്ക് നീങ്ങി. മലവെള്ളപാച്ചലില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടാവുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനാല്‍ കുഴൂരില്‍ തിരച്ചലും കരപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. 

ചാലക്കുടിയില്‍ പ്രളയക്കെടുതിയില്‍പ്പെട്ട നാനൂറോളം പേരെയാണ് ഇന്നലെ മാത്രം രക്ഷപ്പെടുത്തിയത്. കുട്ടനെല്ലൂര്‍ ഗവ.സി. അച്യുത മേനോന്‍ കോളജിലും തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തിലും ഹെലികോപ്ടര്‍ മാര്‍ഗമാണ് ആളുകളെ രക്ഷപ്പെടുത്തിയെത്തിച്ചിട്ടുള്ളത്. നേരത്തെ ചാലക്കുടിയിലെ തന്നെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചശേഷമാണ് ഇവിടേക്ക് മാറ്റിയത്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനാംഗങ്ങള്‍ ചാലക്കുടിയിലെത്തുമെന്ന അറിയിപ്പ് നല്‍കിയ ശേഷമാണ് ഇന്ന് മറ്റ് മേഖലകളിലേക്ക് നീങ്ങിയിട്ടുള്ളത്. 

മഴയക്ക് ശമനമായതും ചാലക്കുടിപുഴയിലെ വെള്ളം കുറഞ്ഞതും ചാലക്കുടിയില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും തുടരുന്ന രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സഹായകരമായിട്ടുണ്ട്. ചാലക്കുടി സെന്‍റ് ജെയിംസ് മെഡിക്കല്‍ അക്കാദമിയില്‍ കുടുങ്ങിയ 160 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കെത്തിച്ചു. സി.എം.ഐ പബ്ലിക് സ്‌കൂള്‍, കോട്ടാല്‍ ഭഗവതി മഠം എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ വിവിധ സേനാവിഭാഗങ്ങളുടെയും മത്സ്യ തൊഴിലാളികളുടെയും നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. 

അതേസമയം നിരവധി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട് പോയ അനേകം പേരെ ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. ഇത്തരം മേഖലകളിലേക്ക് വെള്ളവും ഭക്ഷണവുമെല്ലാം ഹെലികോപ്റ്റര്‍ മുഖേന എത്തിച്ചു നല്‍കിയിട്ടുണ്ട്. നേവിയുടെ മൂന്ന് ഹെലികോപറ്റര്‍ ഉപയോഗിച്ചാണ് ദുരന്തമുഖത്ത് ഭക്ഷണം എത്തിക്കുന്നത്. 

ദുരന്തനിവാരണ സേനയും ആര്‍മിയും മത്സ്യതൊഴിലാളികളും ചേര്‍ന്ന് ബോട്ടുകളില്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൗത്യവുമാണ് ഏറ്റെടുത്തത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍പറ്റാത്ത അതിരപ്പിള്ളി, കാടുകുറ്റി, മേലൂര്‍, മാള എന്നിവിടങ്ങളിലേക്ക് മിലിട്ടറിയുടെ ട്രക്ക് ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് രണ്ട് മിലിട്ടറി ട്രക്കുകളാണ് ഇതിനായി എത്തിക്കുക.

കരയിലേക്ക് കയറിയ ചാലക്കുടി പുഴ പ്രദേശത്തെയാകെ ദുരന്തഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടേതടക്കം വീടും പരിസരങ്ങളുമെല്ലാം വെള്ളത്തിനടിയിലാണ്. മണി ഉപയോഗിച്ചിരുന്ന കാര്‍ വെള്ളവും ചെളിയും വന്ന് മൂടിയ നിലയിലാണ്. ചാലക്കുടി ആറാട്ടുകടവ്, കൂടപ്പുഴ-അതിരപ്പിള്ളി റോഡ്, കുട്ടാടന് ചിറ, വെട്ടുകാട് തുടങ്ങിയ പ്രദേശങ്ങളാകെ വെള്ളത്തില്‍ മുങ്ങി.

ചാലക്കുടിയുടെ ഏതെങ്കിലും മേഖലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെട്ട് കഴിയുന്നവര്‍ ചാലക്കുടിയിലെ (0480 2705800) താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. 9447074424 എന്ന മൊബൈല്‍ നമ്പറിലേക്കും വിളിക്കാം.