കൽപ്പറ്റ നഗരസഭയിലെ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ചിത്രയുടെ വീടിന് നിന്നാണ് ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തത്. ഓട്ടോറിക്ഷയിൽ സൂക്ഷിച്ച നിലയിലാണ് കിറ്റുകൾ കണ്ടെടുത്തത്.
കൽപ്പറ്റ: കൽപ്പറ്റയിൽ സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും ഭക്ഷ്യ കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കെ ചിത്രയുടെ വീടിന് മുറ്റത്തെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തത്. പതിനഞ്ചോളം കിറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് പിടിച്ചെടുത്തു. വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാൻ കൊണ്ടുവന്ന കിറ്റ് ആണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍, വീട്ടിലെ ആവശ്യത്തിന് കൊണ്ടുവന്നതാണെന്നാണ് സ്ഥാനാർത്ഥിയുടെ വാദം. തെരഞ്ഞെടുപ്പ് പരിപാടിക്ക് പ്രവർത്തകർക്ക് ഭക്ഷണം വെച്ച് നൽകാൻ കൊണ്ടുവന്നതാണ് ഭക്ഷ്യക്കിറ്റുകൾ എന്ന് ചിത്രയുടെ ഭർത്താവ് കെ കെ ശശികുമാർ പറഞ്ഞു.



