പരാതി നല്‍കിയ വനംവകുപ്പ് നടപടിയെ നിയമപരമായി നേരിടാന്‍ ഉള്ള ഒരുക്കത്തിലാണ് മൂടക്കൊല്ലിയിലെ പ്രദേശവാസികൾ

സുല്‍ത്താന്‍ ബത്തേരി: വാകേരി മൂടക്കൊല്ലിയില്‍ കടുവ പന്നിഫാം ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് പ്രദേശവാസികള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനംവകുപ്പ് പൊലീസില്‍ പരാതി നല്‍കിയതോടെ പ്രദേശത്ത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം. സംഭവത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച പ്രാദേശിക നേതാക്കള്‍ ജനങ്ങള്‍ക്കെതിരെ പരാതി നല്‍കിയ വനംവകുപ്പ് നടപടിയെ നിയമപരമായി നേരിടാന്‍ ഉള്ള ഒരുക്കത്തിലാണ്. വനംവകുപ്പിന്റെ വീഴ്ച മറച്ചുവെക്കാന്‍ നാട്ടുകാരുടെ പേരില്‍ വ്യാജപരാതി നല്‍കുന്നുവെന്നാണ് ആരോപണം. 

ഈ മാസം ആറാം തീയതി മൂടക്കൊല്ലിയില്‍ പന്നിഫാം കടുവ ആക്രമിച്ചതിനെ തുടര്‍ന്ന് എത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് വനംവകുപ്പ് കേണിച്ചിറ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

പന്നിഫാമിലെത്തിയ കടുവ ഏകദേശം അമ്പത് കിലോഗ്രാം തൂക്കമെത്തിയ 20 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. സമീപത്തെ തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്ന് രാത്രി തന്നെ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചു. പിറ്റേന്ന് ഉച്ചയോടെ വനപാലകര്‍ കൂട് പരിശോധിക്കാനെത്തിയപ്പോള്‍ നാട്ടുകാരെത്തി വനിതകളടക്കമുള്ള ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് വനംവകുപ്പ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഈ സമയം സ്ഥലത്തില്ലാതിരുന്ന പന്നി ഫാം ഉടമകളിലൊരാളായ ശ്രീജിത്തിന്റെ പേരും പരാതിയിലുണ്ട്. 

എന്നാല്‍ വനംവകുപ്പ് പരാതിയില്‍ ചൂണ്ടിക്കാട്ടിയ സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്ന് ഫാമുടമയായ ശ്രീജിത്ത് പറയുന്നത്. പന്നികള്‍ക്കുള്ള തീറ്റയെടുക്കാന്‍ കോഴിക്കോട്ടേക്ക് പോയിരിക്കുകയായിരുന്നുവെന്നും വനംവകുപ്പ് പറയുന്ന സംഭവദിവസം വനപാലകരെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും ശ്രീജിത്ത് പറയുന്നു. അതേസമയം തനിക്ക് നഷ്ടപരിഹാരം അടക്കം നല്‍കാതിരിക്കാനുള്ള ശ്രമമാണോ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന സംശയവും ഉദ്ദേഹം ഉന്നയിക്കുന്നുണ്ട്. 

കടുവയും കുട്ടിയുമുള്ളതിനാല്‍ ഇവയെ പിടികൂടാതെ വനത്തിലേക്ക് തുരത്താനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിന് തെളിവായി ചില കാര്യങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ കൂട് സ്ഥാപിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ചെടികളോ കമ്പോ വെച്ച് മറക്കാതെ തുറസ്സായാണ് കൂട് സ്ഥാപിച്ചത്. ഇത് കടുവയെ തുരത്താന്‍ ലക്ഷ്യമിട്ടാണെന്നാണ് ആരോപണം. കൂടല്ലൂരില്‍ യുവാവിനെ കടുവ കൊന്നുതിന്നതിന് ഒരുകിലോമീറ്റര്‍ മാത്രം അകലെയാണ് മൂടക്കൊല്ലിയിലെ പന്നിഫാമുള്ളത്. സമീപ പ്രദേശങ്ങളായ സിസിയിലും താഴെ അരിവയലിലും കടുവയെത്തി വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിരുന്നു. പ്രദേശത്ത് ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം