ഇടുക്കി, എറണാകുളം തൃശുര്‍ ജില്ലകളിലെ വിവിധ ആദിവാസി ഊരുകളിലെ ഭൂരഹിതര്‍ക്കും കാടുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ട് കൃഷിയുമായി കഴിയുന്ന ആദിവാസികള്‍ക്കുമാണ് കുട്ടമ്പുഴ പന്തപ്ര കോളനിയില്‍ ഭൂമി നല്‍കിയത്. 

കോട്ടയം: വനാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ കൃഷിചെയ്യാന്‍ വനംവകുപ്പ് (Forest department) തടസ്സം നില്‍ക്കുന്നെന്ന ആരോപണവുമായി ആദിവാസികള്‍(Tribes). കോതമംഗലം കുട്ടമ്പുഴയിലെ നൂറിലധികം ആദിവാസി കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി നിയമപരമായി പരിഹരിക്കാനാകുമോയെന്ന് പരിശോധിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

ഇടുക്കി, എറണാകുളം തൃശുര്‍ ജില്ലകളിലെ വിവിധ ആദിവാസി ഊരുകളിലെ ഭൂരഹിതര്‍ക്കും കാടുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ട് കൃഷിയുമായി കഴിയുന്ന ആദിവാസികക്കുമാണ് കുട്ടമ്പുഴ പന്തപ്ര കോളനിയില്‍ ഭൂമി നല്‍കിയത്. വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖയും നല്‍കി. ഉപജീവനത്തിനായി കൃഷി ചെയ്യാന്‍ ഭൂമി ഉപയോഗിക്കാം. വനംവകുപ്പടക്കം പൂര്‍ണ്ണ പിന്തുണ നല്‍കും ഇതായിരുന്നു കൈവശ രേഖ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. പക്ഷെ വനത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പ് തയാറാകാത്തതിനാല്‍ ആരും കൃഷി ചെയ്യുന്നില്ല. പഴയതുപോലെ കാട്ടില്‍പോയി തേനും ഔഷധ സസ്യങ്ങളും പറിച്ചുവിറ്റ് ജീവിക്കാനുള്ള വക കണ്ടെത്തുകയാണ്. 

കൃഷിചെയ്യാനുള്ള സൗകര്യമുണ്ടാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതുന്നയിച്ച് വനംമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് നൂറിലധികം ആദിവാസി കുടുംബങ്ങള്‍. അതെസമയം ആവശ്യം പരിശോധിച്ചുവരികയാണെന്ന് വനംവകുപ്പ് അറിയിച്ചു. മരത്തിന്റെ ചില്ലകള്‍ പൂര്‍ണമായും മുറിച്ചുമാറ്റാനാകില്ല. ആദിവാസികള്‍ക്ക് കൃഷിചെയ്യാനാകുന്ന തരത്തില്‍ പരിഹാരം കാണുമെന്നും വനംവകുപ്പ് വിശദീകരിച്ചു.