വ്യാഴാഴ്ച്ച വല്യപാറക്കുട്ടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചതിന് പിന്നാലെയായിരുന്നു വെള്ളിയാഴ്ച്ച വനം വകുപ്പ് റോഡില്‍ കിടങ്ങ് നിര്‍മ്മിച്ചത്
മൂന്നാര്‍: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ ആനക്കുളത്തിന് സമീപം വല്യപാറക്കുട്ടി കുറത്തിക്കുടി റോഡില്‍ വനം വകുപ്പ് നിര്‍മ്മിച്ച കിടങ്ങ് നാട്ടുകാരുടെ നേതൃത്വത്തില്‍ മൂടി. കഴിഞ്ഞ വ്യാഴാഴ്ച്ച വല്യപാറക്കുട്ടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചതിന് പിന്നാലെയായിരുന്നു വെള്ളിയാഴ്ച്ച വനം വകുപ്പ് റോഡില്‍ കിടങ്ങ് താഴ്ത്തിയത്. വനം വകുപ്പിന്‍റെ ഈ നടപടിക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ പ്രാദേശിക ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘമെത്തി വനംവകുപ്പ് നിര്‍മ്മിച്ച കിടങ്ങ് മൂടിയത്. വനം വകുപ്പ് നടത്തിയ ഇടപെടല്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നും കുറത്തിക്കുടി ആദിവാസി മേഖലയില്‍ നിന്നും ആളുകള്‍ എളുപ്പത്തില്‍ ആനക്കുളത്തെത്താന്‍ ഉപയോഗിച്ചു വരുന്ന വഴിയിലാണ് ഗര്‍ത്തം നിര്‍മ്മിച്ചതെന്നുമായിരുന്നു പ്രദേശവാസികള്‍ ഉയര്‍ത്തുന്ന ആരോപണം. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പ്രാദേശിക ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘമെത്തി വനംവകുപ്പ് നിര്‍മ്മിച്ച കിടങ്ങ് മൂടിയത്.
പെരുമ്പന്‍കുത്ത് വഴിയുണ്ടായിരുന്ന പഴയ രാജപാതയുമായി സംഗമിക്കുന്നതാണ് വല്യപാറക്കുട്ടി കുറത്തിക്കുടി റോഡ്. റോഡില്‍ കിടങ്ങ് തീര്‍ത്തതോടെ ഇതുവഴി നടന്നു വന്നിരുന്ന ട്രക്കിംഗും നിലച്ചിരുന്നു. ഇതിന് മുമ്പും വനം വകുപ്പ് വല്യപാറക്കുട്ടി കുറത്തിക്കുടി റോഡില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തി പരാജയപ്പെട്ടിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് വീണ്ടും വനംവകുപ്പ് സമാനശ്രമവുമായി എത്തിയത്.
