കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശിലേരി വനം വകുപ്പ് സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. 

മാനന്തവാടി: വയനാട്ടില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന കേസുകള്‍ ഒരിടവേളക്ക് ശേഷം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. മാനന്തവാടിക്കടുത്ത കുറുക്കന്‍മൂലയില്‍ മാനിനെ കെണിവെച്ച് പിടികൂടി മാംസം പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ വനംവകുപ്പ് പൊക്കി. കുറുക്കന്‍മൂല കളപ്പുരക്കല്‍ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചന്‍ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

പിടിയിലാവരുടെ പക്കല്‍ നിന്നും 56 കിലോ ഇറച്ചിയും, കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച സാധന സാമഗ്രികളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബേഗൂര്‍ റെയിഞ്ചിന് കീഴില്‍ തൃശിലേരി സെക്ഷന്‍ പരിധിയിലെ താഴെ കുറുക്കന്‍മൂലക്ക് സമീപം തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് സമീപത്തെ വനമേഖലയിലാണ് കെണി വെച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് മാന്‍ കുടുങ്ങിയതെന്നാണ് കരുതുന്നത്.

കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശിലേരി വനം വകുപ്പ് സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പിടികൂടാനുള്ളതായി വനംവകുപ്പ് അറിയിച്ചു. ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ.കെ. രാഗേഷ്, തൃശിലേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍ എന്നിവരായിരുന്നു തെരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്.

Read also: സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് ഈ മാസം 8വരെ പ്രവേശനം സൗജന്യം

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് ഈ മാസം 8വരെ പ്രവേശനം സൗജന്യം
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഈ മാസം എട്ടുവരെയാണ് സൗജന്യ പ്രവേശനം. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ എട്ടാം തീയ്യതി കോഴിക്കോട് നടക്കും. വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലായിരുന്നു. ഇന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതോടൊപ്പം സംസ്ഥാന - ജില്ലാ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...