എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ഒത്തു പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ രാജി.

എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും (Sheikh P Harris ) സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ (CPIM) ചേരും. ഇന്ന് വൈകിട്ട് നാല് മണിക്ക് എൽജെഡി വിട്ട ഷെയ്ഖ് പി.ഹാരിസ് എകെജി സെന്‍ററിൽ എത്തി നേതാക്കളെ കാണും.എൽജെഡി ബന്ധം ഉപേക്ഷിച്ച് എത്തുന്ന നേതാക്കളെ സിപിഎം സ്വീകരിക്കും .എൽഡിഎഫ് ഘടക കക്ഷിയിൽ നിന്ന് വരുന്ന നേതാക്കളെ ഔദ്യോഗികമായി സിപിഎം പാർട്ടി ആസ്ഥാനത്ത് സ്വീകരിക്കുന്നതും അസാധാരണമാണ്. 

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും ഇവരെ സ്വീകരിക്കുകയെന്നാണ് വിവരം. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ഒത്തു പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ രാജി.ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്ഥയില്‍ എല്‍ജെഡി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് എന്നാരോപിച്ചാണ് രാജി. 

വിമതർക്ക് കാരണം കാണിക്കൽ നോട്ടീസ്; മറുപടി തൃപ്തികരമെങ്കിൽ പാർട്ടിയിൽ തുടരാമെന്ന് ശ്രേയാംസ്കുമാർ 

പാര്‍ട്ടിയില്‍ വിമതനീക്കം നടത്തിയ സുരേന്ദ്രന്‍ പിളളയ്ക്കും ഷേക്ക് പി ഹാരിസിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എല്‍ജെഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാര്‍. 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികള്‍ ഉടനുണ്ടാകുമന്നും ശ്രേയാംസ് കുമാര്‍ വിശദമാക്കി. എന്നാല്‍ മുന്നണിയുടെയും പാര്‍ട്ടിയിലെ ഭൂരിഭാഗത്തിന്‍റെയും പിന്തുണ അവകാശപ്പെട്ട ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രന്‍ പിളളയും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. നാളുകളായി എല്‍ജെഡിയില്‍ പുകയുന്ന ഭിന്നത പിളര്‍പ്പിലേക്ക് നീങ്ങുന്നു.തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവരുടെ നടപടി അച്ചടക്ക ലംഘനമെന്ന് എല്‍ജെഡി ഭാരവാഹി യോഗം വിലയിരുത്തിയ സാഹചര്യത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്.