തൃശൂര്‍: സിപിഐ വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന എടവിലങ്ങ് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്  ടി എം ഷാഫിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഷാഫിക്ക് കമ്മീഷന്‍ ആറു വര്‍ഷത്തേയ്ക്ക് അയോഗ്യത കല്‍പിച്ചത്.  

സിപിഐ അംഗമായിരുന്ന ടി എം ഷാഫി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച്  ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും സിപിഐ അംഗമായ സുമ വല്‍സന്‍റെ വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന മിനി തങ്കപ്പന്‍ പരാജയപ്പെട്ടു.

ഇതേ തുടര്‍ന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ് നല്‍കിയ പരാതിയിന്‍മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.  മുന്നണി ധാരണ പ്രകാരം രണ്ട് വര്‍ഷം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി എം ഷാഫി സ്ഥാനമൊഴിഞ്ഞ ശേഷം പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷാഫി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും സുമ വല്‍സന്റ വോട്ട് അസാധുവാക്കുകയും ചെയ്തതിനൊപ്പം സിപിഎം അംഗമായ കെ കെ രമേഷ് ബാബുവും തന്‍റെ വോട്ട് അസാധുവാക്കി. ഇതോടെ ബിജെപിയിലെ സജിത അമ്പാടി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.  

ഈ വിഷയത്തില്‍ ഷാഫിയെ സിപിഐയില്‍ നിന്നും പുറത്താക്കി. ആറ് മാസത്തിന് ശേഷം വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ടി എം ഷാഫി, കെ കെ രമേഷ് ബാബു എന്നിവരുടെയടക്കം പിന്തുണയോടെ പാസായിരുന്നു.