സംഭവിച്ചതിൽ തെറ്റ് മനസ്സിലാക്കുന്നുവെന്നും എല്ലാവരോടും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ കൂട്ടിച്ചേർത്തു. താൻ കിളികൊല്ലൂരിലെ മുൻകാല എസ്‌എഫ്‌ഐ പ്രവർത്തകനും നിലവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണെന്നും അക്ബർഷാ വീഡിയോയിൽ പറഞ്ഞു.
കൊല്ലം: കൊല്ലത്ത് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണ വീഡിയോയുമായി ഫ്ലക്സ് തകർത്ത യുവാവ് അക്ബർ ഷാ. കോൺഗ്രസിന്റെ ഫ്ലക്സ് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്സ് കീറിയതെന്നും പ്രകടനത്തിൽ നുഴഞ്ഞുകയറിയതല്ലെന്നും അക്ബർ ഷാ വ്യക്തമാക്കി. സംഭവിച്ചതിൽ തെറ്റ് മനസ്സിലാക്കുന്നുവെന്നും എല്ലാവരോടും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ കൂട്ടിച്ചേർത്തു. താൻ കിളികൊല്ലൂരിലെ മുൻകാല എസ്‌എഫ്‌ഐ പ്രവർത്തകനും നിലവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണെന്നും അക്ബർഷാ വീഡിയോയിൽ പറഞ്ഞു.
മൂന്ന് വർഷം മുൻപ് വിദേശത്ത് പോയ താൻ അടുത്തിടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. പ്രദേശത്തു നടന്ന പ്രതിഷേധം കണ്ടപ്പോൾ അതിൽ പങ്കാളിയാവുകയായിരുന്നു. എസ്‌എഫ്‌ഐ ആരോപിക്കുന്നത് പോലെ താൻ മാർച്ചിലേക്ക് ബോധപൂർവം നുഴഞ്ഞുകയറിയതല്ലെന്നും കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് കോടിയേരിയുടെ ഫ്ലക്സ് കീറിയതെന്നും അക്ബർ ഷാ വീഡിയോയിൽ പറഞ്ഞു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐ സമരത്തിനിടെയാണ് അക്ബര്‍ഷാ കോടിയേരിയുടെ ഫ്ലക്സ് കീറിയത്.
അക്ബർഷാ പറയുന്നത് ഇങ്ങനെ: 'ഇപ്പോൾ ന്യൂസിലും മീഡിയയിലും എല്ലാം ഞാനാണ് താരം. താരമാവണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഞാനൊരു മുൻകാല എസ്.എഫ്.ഐ പ്രവർത്തകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ്. ഇപ്പോൾ പാർട്ടിക്കാര് തന്നെ പറയുന്നു ഞാൻ എസ്.എഫ്.ഐയിൽ ഇല്ല. ഞാൻ നുഴഞ്ഞുകയറിയെന്നുമാണ്. അങ്ങനെയല്ല, ഞാൻ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന വ്യക്തിയാണ്. മൂന്ന് വർഷം മുമ്പ് ഗൾഫിൽ പോയി. അങ്ങനെ കൊല്ലത്ത് വെച്ച് പ്രകടനം കണ്ട് കയറിയതാണ്. അല്ലാതെ എസ്.എഫ്.ഐയിൽ പ്രവർത്തിക്കാതെയോ നുഴഞ്ഞ് കയറിയതോ അല്ല. ആക്രമം അഴിച്ചുവിട്ടതോ അല്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായി. കൊടിയോരി സഖാവിന്‍റെ ഫ്ലക്സാണ് എന്ന് വിചാരിച്ചല്ല കീറിയത്. കോൺഗ്രസിന്റെ ഫ്ലക്സ് ആണെന്ന് കരുതിയാണ് കീറിയത്. എല്ലാരും എന്നോട് ദയവുചെയ്ത് ക്ഷമിക്കണം'.


