മാങ്കുളം ഗ്രാമപഞ്ചായത്തില്‍ 2016 ല്‍ വൈസ് പ്രസിഡന്‍റായിരുന്ന ബിന്‍സി റോയിയുടെ കൃഷിയിടത്തിലെ ആറുനൂറോളം കുരുമുളക് വള്ളികള്‍ വെട്ടി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുരുമുളക് വള്ളികള്‍ വെട്ടിനശിപ്പിച്ചതായി കണ്ടെത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ബിന്‍സി റോയി ആരോപിച്ചു. 


മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ 2016 ല്‍ വൈസ് പ്രസിഡന്‍റായിരുന്ന ബിന്‍സി റോയിയുടെ കൃഷിയിടത്തിലെ ആറുനൂറോളം കുരുമുളക് വള്ളികള്‍ വെട്ടി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുരുമുളക് വള്ളികള്‍ വെട്ടിനശിപ്പിച്ചതായി കണ്ടെത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ബിന്‍സി റോയി ആരോപിച്ചു. 

മാങ്കുളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്ന് 2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബിന്‍സി റോയി വിജയിച്ചിരുന്നു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം സ്ഥാനം രാജിവച്ച ബിന്‍സി, സിപിഎമ്മിലേക്ക് പോവുകയും തുടര്‍ന്ന് ഇടത് സ്ഥാനാര്‍ത്ഥിയായി മൂന്നാം വാര്‍ഡില്‍ നിന്ന് വീണ്ടും ജനവിധി തേടി. ഉപതെരഞ്ഞെടുപ്പിലും വിജയിച്ച ബിന്‍സി റോയി പിന്നീട് മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിന്‍സി മത്സരിച്ചിരുന്നില്ല. 

പാര്‍ട്ടി മാറിയപ്പോള്‍ തനിക്കെതിരെ ഭീഷണികള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അന്ന് ഭരണത്തിലിരിക്കുന്നത് കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നവര്‍ അവസരം കിട്ടിയപ്പോള്‍ തനിക്കെതിരെ തിരിയുകയായിരുന്നെന്നും ബിന്‍സി റോയി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. വെള്ളിയാഴ്ച കുരുമുളകിന് ചെറിയ പണികളുണ്ടായിരുന്നതിനാല്‍ പറമ്പില്‍ പോയിരുന്നു. വീട്ടില്‍ നിന്നും രണ്ട് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. അതിനാല്‍ എല്ലാ ദിവസവും അവിടെ പോകാറില്ല. വെള്ളിയാഴ്ചത്തെ പണികള്‍ തീര്‍ത്ത ശേഷം പിന്നീട് ചൊവ്വാഴ്ചയാണ് സ്ഥലത്ത് ചെന്നത്. അപ്പോള്‍ നിരവധി കുരുമുളക് വള്ളികള്‍ക്ക് വാട്ടം വന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 1300 കുരുമുളക് വള്ളികളില്‍ ഏറ്റവും കായ് ഫലമുള്ള, ആറേഴ് വര്‍ഷം പഴക്കമുള്ള 600 ഓളം കുരുമുളക് വള്ളികള്‍ തെരഞ്ഞെടുത്ത് വെട്ടികളഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതെന്നും ബിന്‍സി റോയി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു ടോര്‍ച്ച് ലഭിച്ചിരുന്നു. ഇത് പൊലീസില്‍ ഏല്‍പ്പിച്ചെന്നും ബിന്‍സി റോയി പറഞ്ഞു. 

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാകാം കുരുമുളക് വള്ളികള്‍ വെട്ടിക്കളഞ്ഞതെന്നും അതല്ലാതെ ആരുമായി തന്‍റെ കുടുംബത്തിന് വ്യക്തിവൈരാഗ്യങ്ങളില്ലെന്നും ബിന്‍സി പറഞ്ഞു. വര്‍ഷം 12 കിന്‍റലോളം കുരുമുളക് ഇവിടെ നിന്ന് ലഭിച്ചിരുന്നെന്നും അതില്‍ ഏറ്റവും പഴക്കമുള്ളതും ഏറ്റവും നന്നായി കായ്‍ഫലമുള്ള കുരുമുളക് വള്ളികള്‍ തെരഞ്ഞ് പിടിച്ചാണ് വെട്ടിക്കളഞ്ഞതെന്നും ബിന്‍സി പറഞ്ഞു. സംഭവത്തെ കുറിച്ച് മൂന്നാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒന്ന്, രണ്ട് പേരെ സംശയമുണ്ടെന്നും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും മൂന്നാര്‍ പൊലീസ് പറഞ്ഞു.