പൊലീസിനെ കണ്ടയുടനെ  ബൈക്കും, മൊബൈൽ ഫോണും മറ്റും ഉപേക്ഷിച്ച് മൂന്ന് പേരും ഓടി രക്ഷപെട്ടു.

ആലപ്പുഴ: അമ്പലപ്പുഴയിൽ നാല് കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ കോമനയിൽ കാശിനാഥൻ ( 22), പുതുവൽ കോമന (മഠത്തിൽ പറമ്പ്) യിൽ ഹരികൃഷ്ണൻ (22),പുതുവൽ വീട്ടിൽ ഷംനാദ് (20) എന്നിവരെയാണ് കഞ്ചാവുമായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എമ്മിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16ന് രാത്രി 11 മണിയോടു കൂടി പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂളിന്റെ പരിസരത്ത് എത്തിയപ്പോൾ സ്കൂളിന്റെ പരിസരത്ത് ഒരു ബൈക്ക് കണ്ടതിനെ തുടർന്ന് സ്കൂളിനുള്ളിലേക്ക് ചെല്ലുകയായിരുന്നു. ആ സമയത്ത് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ മൂന്ന് യുവാക്കൾ കഞ്ചാവ് ചെറിയ ചെറിയ പൗച്ചുകളിലാക്കുന്നതാണ് പൊലിസ് കണ്ടത്.

പൊലീസിനെ കണ്ടയുടനെ കഞ്ചാവും, ബൈക്കും, മൊബൈൽ ഫോണും മറ്റും ഉപേക്ഷിച്ച് മൂന്ന് പേരും ഓടി രക്ഷപെട്ടു. തുടർന്ന് കഞ്ചാവും, ബൈക്കും, മൊബൈൽ ഫോണും, മറ്റ് രേഖകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ നടന്ന തെരച്ചിലിൽ പുറക്കാട് ഭാഗത്ത് വെച്ച് മൂന്ന് പേരെയും പിടികൂടി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.