സുല്‍ത്താന്‍ബത്തേരിയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ നാല് യുവാക്കള്‍ എം.ഡി.എം.എയുമായി പിടിയിലായി. ബൈജു എന്നയാളുടെ വീട്ടില്‍ ഒത്തുകൂടിയ സംഘത്തില്‍ നിന്ന് 21.48 ഗ്രാം മാരക മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

സുല്‍ത്താന്‍ബത്തേരി: രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ എം.ഡി.എം.എയുമായി പിടിയിലായത് നാല് യുവാക്കള്‍. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ ബൈജു (23), ചെതലയം കയ്യാലക്കല്‍ വീട്ടില്‍ കെ എം ഹംസ ജസീല്‍ (28), മൂലങ്കാവ് കാടന്‍തൊടി വീട്ടില്‍ കെ.ടി നിസാര്‍(34), കൈപ്പഞ്ചേരി പുന്നപ്പറമ്പില്‍ വീട്ടില്‍ പി.ആര്‍ ബവനീഷ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. നാലുപേരും ഒരുമിച്ച് ഇന്നലെ രാത്രിയില്‍ ബത്തേരി മന്തട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനക്കിടെയാണ് 21.48 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുക്കുന്നത്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജെസ്വിന്‍ ജോയ് സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍, അനിത്ത് കുമാര്‍, രഞ്ജിത്ത്, വിനീഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.