കമലാക്ഷിയമ്മ എന്ന ബോട്ടും ജീവനക്കാരുമാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ കടലിൽ കുടുങ്ങിയെന്ന വിവരം ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. 


കാസർകോട് : മത്സ്യബന്ധനത്തിനിടെ ബോട്ടിന്‍റെ പങ്കായം (സ്റ്റിയറിംഗ്) പൊട്ടി നിയന്ത്രണം വിട്ട ബോട്ടിലെ നാലോളം മത്സ്യ തൊഴിലാളികളെ കോസ്റ്റൽ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. കാസർകോട് അഴിമുഖത്ത് നിന്ന് രണ്ട് കിലോമീറ്റർ മാറി കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട കമലാക്ഷിയമ്മ എന്ന ബോട്ടും ജീവനക്കാരുമാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ കടലിൽ കുടുങ്ങിയെന്ന വിവരം ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ എ എസ് ഐ എം ടി പി സെയിഫുദീന്‍റെ നേതൃത്വത്തിൽ കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി.

തുടര്‍ന്ന് മത്സ്യ തൊഴിലാളികളായ ബാബു, വത്സൻ , രാജൻ, വിജയൻ എന്നിവരെ രക്ഷപ്പെടുത്തുകയായിരുന്നു. ശക്തമായ കാറ്റും മഴയും മൂലം ബോട്ട് കെട്ടിവലിച്ചു കൊണ്ടുവരുവാൻ കഴിയാത്തതിനാൽ സംഭവ സ്ഥലത്ത് തന്നെ നങ്കുരമിട്ടു നിര്‍ത്തി. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിക്കാനായത്. സിനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത്, രഘു, കോസ്റ്റൽ വാർഡൻ രജ്ഞിത്ത്, സ്രാങ്ക് ശരത്ത് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.