കൊച്ചി കുമ്പളം ടോൾപ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
കൊച്ചി: കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർക്ക് പരിക്ക്. കുമ്പളം ടോൾപ്ലാസയ്ക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് 4.45-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കളമശ്ശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. തോപ്പുംപടിയിൽ നിന്ന് കളമശ്ശേരിയിലേക്ക് പോവുകയായിരുന്നു ഇവർ.
കാറോടിച്ചിരുന്ന തൃശൂർ വയലത്തൂർ കാളിയത്ത് സ്വദേശി മുഹമ്മദ് നിസാം (24), അതിഥി തൊഴിലാളികളായ സൻജിബ് ഹർദിക് (30), നബാസ് സൗൾ (30), റാസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ നബാസ് സൗളിൻ്റെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായാണ് വിവരം. അപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ച ഇവർക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കി വിദഗ്ധ പരിചരണം തുടരുകയാണെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചു.


