കോഴിക്കോട് വടകര വള്ളിക്കാട് കുറുക്കന്റെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തിരച്ചിലിനിടെ ആക്രമിക്കപ്പെട്ട യുവാവിന്റെ കൈവിരല്‍ കുറുക്കന്‍ കടിച്ചെടുത്തു. ആറ് വയസ്സുകാരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.

കോഴിക്കോട്: വടകര വള്ളിക്കാട് കുറുക്കന്റെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരു യുവാവിന്റെ കൈവിരല്‍ കടിച്ചുപറിച്ച നിലയിലാണ്. ഗുരുതരമായി പരിക്കേറ്റ പുലയന്‍കണ്ടി താഴെ രജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെയും രാത്രിയുമായാണ് കുറുക്കന്റെ ആക്രമണമുണ്ടായത്.

രാത്രിയാണ് രജീഷിന് നേരെ ആക്രമണമുണ്ടായത്. കുറുക്കന്‍ കടിച്ചെടുത്ത വിരലിന്റെ ഭാഗം ഇന്ന് രാവിലെയോടെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിയതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ല. പുഞ്ചപ്പാലം രയരോത്ത് പാലം എന്നിവിടങ്ങളില്‍ നിന്നാണ് ആളുകള്‍ക്ക് നേരെ കുറുക്കന്റെ ആക്രമണം ആരംഭിച്ചത്.

ആറ് വയസ്സുകാരിയായ വലിയ പറമ്പത്ത് അനാമികയ്ക്കും കടിയേറ്റിട്ടുണ്ട്. വീടിന്റെ മുറ്റത്ത് വച്ച് കളിക്കുമ്പോഴാണ് അനാമികയെ ആക്രമിച്ചത്. പുലയന്‍കണ്ടി നിവേദ്, മടത്തുംതാഴെ കുനി മോളി എന്നിവര്‍ക്കും കടിയേറ്റു. കുറുക്കനായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് രജീഷിന് നേരെ ആക്രമണമുണ്ടായത്.