കാസർകോട് പെരിയയിലെ കർഷകനായ എ.കെ. പ്രകാശന്റെ വീട്ടിൽ നാല് കാലുകളുള്ള ഒരപൂർവ്വ കോഴിയെ കണ്ടെത്തി. പാലക്കാട് നിന്നും വാങ്ങിയ 300 കോഴിക്കുഞ്ഞുങ്ങളിൽ ഒന്നിനാണ് ഈ പ്രത്യേകത. 40 ദിവസം പ്രായമായപ്പോൾ കോഴികളെ വിൽക്കാൻ എടുത്തപ്പോഴാണ് ഈ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്, ഈ അപൂർവ്വ കോഴിയെ കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.
കാസർകോട്: മുന്നൂറ് കോഴികളിൽ ഒന്നിന് നാല് കാലുകൾ! കാസർകോട് പെരിയ കായകുളത്തെ കർഷകനായ എ.കെ. പ്രകാശന്റെ വീട്ടിലാണ് അപൂർവ്വ കാഴ്ച. സാധാരണയുള്ള രണ്ട് കാലുകൾക്ക് മുന്നിലായി രണ്ട് കാലുകൾ കൂടി അധികമായി വളർന്നു വന്ന നിലയിലാണ് ഈ കോഴിയുള്ളത്. പാലക്കാട് നിന്നും വാങ്ങിയ ഒരുമിച്ച് വാങ്ങിയ 300 കോടിക്കുഞ്ഞുങ്ങളിൽ ഒന്നാണിത്. കോഴിക്കുഞ്ഞുങ്ങളെ ഒന്നിച്ചു വളർത്തുന്നതിനാൽ ആദ്യമൊന്നും ഈ വ്യത്യാസം പ്രകാശന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ 40 ദിവസം പ്രായമായപ്പോൾ കോഴികളെ വിൽക്കാൻ തീരുമാനിച്ചു.
ഈ സമയത്താണ് ഒരു കോഴിക്ക് മാത്രം എന്തോ ഒരു വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പിടിച്ചു പരിശോധിച്ചപ്പോഴാണ് നാല് കാലുകളുണ്ടെന്ന അദ്ഭുത സത്യം മനസ്സിലായത്. കഴിഞ്ഞ 8 വർഷമായി താൻ ഇറച്ചിക്കോഴികളെ വളർത്തി വിൽക്കുന്നുണ്ടെന്നും എന്നാൽ ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്നും എ.കെ. പ്രകാശൻ പറഞ്ഞു. ഒരു കോഴിക്കുഞ്ഞിന് 30 രൂപ മുതൽ 60 രൂപ വരെ നൽകിയാണ് വാങ്ങുന്നത്. കോഴിതീറ്റയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നത് നിലവിൽ കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എങ്കിലും ഈ അപൂർവ്വ കോഴിയെക്കുറിച്ചുള്ള വാർത്ത നാട്ടിൽ പരന്നതോടെ പ്രകാശന്റെ വീട്ടിലേക്ക് നിരവധി ആളുകളാണ് ഇപ്പോൾ കൗതുകക്കാഴ്ച കാണാനായി എത്തിച്ചേരുന്നത്.


