പാലം പണി തുടങ്ങിയ വേളയില്‍ നിര്‍മാണവസ്തുക്കളുമായി ഭാരവാഹനങ്ങള്‍ കടന്നുവന്നതോടെ വീടിന് ബലക്ഷയം നേരിട്ടതായി പാര്‍ഥന്‍ പറയുന്നു. 

തുറവൂര്‍: ഇഴഞ്ഞുനീങ്ങുന്ന മാക്കേകടവ്-നേരേകടവ് പാലം പണി പൂര്‍ത്തിയാകുംമുമ്പേ തങ്ങളുടെ ചെറിയവീട് വീട് നിലംപൊത്തുമോയെന്ന ഭീതിയില്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 10ാം വാര്‍ഡ് കുന്നേപറമ്പില്‍ പാര്‍ഥനും ഭാര്യയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുമടങ്ങിയ കുടുംബം. മാക്കേകടവ്-നേരേകടവ് പാലത്തിലേക്കുള്ള റോഡരികില്‍ ഒരു സെന്റില്‍ പണിത ചെറിയ ചായക്കടയാണ് ഈ കുടുംബം തങ്ങളുടെ വീടാക്കി മാറ്റി താമസമുറപ്പിച്ചത്.

പാലം പണി തുടങ്ങിയ വേളയില്‍ നിര്‍മാണവസ്തുക്കളുമായി ഭാരവാഹനങ്ങള്‍ കടന്നുവന്നതോടെ വീടിന് ബലക്ഷയം നേരിട്ടതായി പാര്‍ഥന്‍ പറയുന്നു. കൂറ്റന്‍ ലോറികള്‍ വലിയ ഭാരവും കയറ്റി വന്നതോടെ റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. ഇതെല്ലാം സുമനസ്സുകളുടെ സഹായത്തോടെ വീണ്ടും നേരെയാക്കി. ഒരു സെന്റ് ഭൂമിയില്‍ നില്‍ക്കുന്ന ഈ കെട്ടിടവും സ്ഥലവും പാലത്തിന്റെ അപ്രോച്ച് റോഡിന് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. അതിനിടെ, സര്‍ക്കാറിന്റെ ലൈഫ് ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെന്ന് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പാര്‍ഥനെ അറിയിച്ചതില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കുടുംബം.

പ്രധാനമന്ത്രി ആവാസ് പ്ലസ് ഭവന പദ്ധതിയില്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ മുന്‍ഗണനലിസ്റ്റിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കാന്‍ നാലുവര്‍ഷത്തിലധികം കാത്തിരിക്കേണ്ടിവരും. റോഡിലൂടെ ഭാരവണ്ടികള്‍ ഒരോ പ്രാവശ്യവും കടന്നുപോകുമ്പോഴും നെഞ്ചിടിപ്പോടെ കഴിയുകയാണ് ഇവര്‍.