തൃശൂര്‍: കൊടുങ്ങല്ലൂർ പുല്ലൂറ്റില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

പുല്ലാറ്റ് കോഴിക്കട സെന്ററിൽ താമസിക്കുന്ന തൈപറമ്പിൽ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദും ഇളയ മകനും വീടിന്റെ ഹാളിലും ഭാര്യയും മൂത്ത മകളും രണ്ട് മുറികളിലായുമാണ് മരിച്ച നിലയിൽ കിടന്നിരുന്നത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുടുംബ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു. വിനോദ് ഡിസൈൻ പണിക്കാരനാണ് ഭാര്യ രമ കൊടുങ്ങല്ലൂരിലെ ഒരു കടയിലെ ജീവനക്കാരിയുമാണ്. മകൾ പ്ലസ്ടു വിദ്യാർത്ഥിനിയും, മകൻ നാലാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഇവിടെ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 'എന്നോട് ക്ഷമിക്കൂ' എന്ന് മാത്രമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ആരാണ് എഴുതിയതെന്ന് വ്യക്തമല്ല. പൊലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.