ഗള്‍ഫിലേക്ക് പോകാനെത്തിയ സ്ത്രീയുടെ പാസ്‍പോര്‍ട്ടില്‍ കൃത്രിമം; കൊച്ചിയില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി
സന്ദർശക വിസയില്‍ അബുദാബിയിലേക്ക് പോകാനെത്തിയ 46 വയസുകാരിയാണ് പിടിയിലായത്.

കൊച്ചി: പാസ്‍പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി.
തമിഴ്നാട് തിരുകടയൂർ സ്വദേശിനി ഈശ്വരി (46) ആണ് പിടിയിലായത്. അബുദാബിയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവര്‍ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാവുകായിരുന്നു. സന്ദർശക വിസയിലാണ് ഈശ്വരി അബുദാബിയിലേക്ക് പോകാനെത്തിയത്. എന്നാല്‍ ഇവരുടെ പാസ്‍പോർട്ടിലെ നാല് പേജുകൾ വെട്ടി മാറ്റിയിരുന്നു. ഇവരെ ജില്ലാ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോയോളം സ്വർണം പിടികൂടിയിരുന്നു. കാസറഗോഡ് സ്വദേശി സക്കരിയെയാണ് എയർപോർട്ട് പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന മിക്സിയിൽ സംശയം തോന്നിയതോടെയാണ് സ്വർണക്കടത്ത് പിടിയിലായത്. മിക്സിയുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു കിലോയോളം സ്വർണം കണ്ടെത്തിയതെന്ന് എയർപോർട്ട് പൊലീസ് അറിയിച്ചു.
നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വൻ സ്വർണവേട്ടയുടെ വാർത്തയുടെ പുറത്തുവന്നിരുന്നു. ആറ് പേരിൽ നിന്നായി അഞ്ചര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. വിപണിയിൽ മൂന്ന് കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പരിശോധനയിൽ കുടുങ്ങിയത്. റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീറും ദോഹയിൽ നിന്നെത്തിയ അസീസും ജിദ്ദയിൽ നിന്നെത്തിയ അബ്ദുൾ സക്കീർ, സമീർ എന്നിവർ ശരീരത്തിൽ ക്യാപ്‍സ്യൂളുകളായി ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ദുബായിൽ നിന്നി വന്ന മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിനുള്ളിൽ സ്വർണം പൂശിയ പേപ്പർ ഷീറ്റുകളാണ് വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...