വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചു: ഒരു മാസത്തിനിടെ ഈ മേഖലയില്‍ മരിച്ചത് നാലുപേര്‍
തൃശൂര്‍: കഴിഞ്ഞ ദിവസമാണ് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചത്. കോയമ്പത്തൂര്‍ സലൂര്‍ ശ്രീരാമ നഗര്‍ സ്വദേശി അശോക് (37) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു യുവാവ്. ഈ മരണം കൂടിയായതോടെ മരണക്കയമായി മാറിയിരിക്കുകയാണ് ഈ പുഴ പ്രദേശം. ഒരു മാസത്തിനിടെ നാലുപേരാണ് ഈ മേഖലയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
സഞ്ചാരികള്‍ക്ക് എന്നും പേടി സ്വപ്നമാണ് അതിരപ്പിള്ളി മേഖലയിലെ പുഴയും പുഴയോരങ്ങളും. വെള്ളച്ചാട്ടങ്ങളും പുഴയുമാണ് സഞ്ചാരികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. പുഴയിലേക്കിറങ്ങുന്ന സഞ്ചാരികളെ പിന്തിരിപ്പിക്കാന്‍ വനംവകുപ്പ് ആരേയും നിയോഗിച്ചിട്ടുമില്ല. ആദ്യകാലങ്ങളില്‍ ഇത്തരം മേഖലകളില്‍നിന്നു സഞ്ചാരികളെ തിരിച്ച് വിടാന്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകരെ നിയോഗിച്ചിരുന്നു. എന്നാല്‍ അതും ഇപ്പോഴില്ല.
ചാലക്കുടിപ്പുഴയുടെ വെറ്റിലപ്പാറ ചിക്ലായി കടവിലായിരുന്നു അവസാന സംഭവം. ചിക്ലായി കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ റിസോര്‍ട്ടില്‍ തങ്ങിയ അശോകും കുടുംബവും ഉച്ചയോടെയാണ് പുഴക്കടവിലെത്തിയത്. പുഴയിലിറങ്ങിയ അശോക് നീന്തുന്നതിനിടെ കയത്തില്‍പ്പെട്ട് മുങ്ങിപോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് നാട്ടുകാരെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ, കുട്ടി, ഭാര്യയുടെ മാതാപിതാക്കള്‍, സഹോദരി, ഇവരുടെ ഭര്‍ത്താവ് എന്നിവര്‍ക്കൊപ്പമാണ് അശോക് അതിരപ്പിള്ളിയിലെത്തിയത്.
അതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികള്‍ പുഴയില്‍ കുളിക്കാനിറങ്ങുന്നത് പതിവാണ്. പലപ്പോഴും പുഴയുടെ റോഡിനോട് ചേര്‍ന്നുള്ള ഭാഗം സുരക്ഷിതമാണെന്ന് തെറ്റിദ്ധരിച്ചാണ് സഞ്ചാരികള്‍ കുളിക്കാനിറങ്ങുന്നത്. താഴ്ചയില്ലെന്ന് കരുതി പുഴയിലിറങ്ങുന്നവരില്‍ പലരും വലിയ കയങ്ങളിലാണ് ചെന്ന് പതിക്കുക. പാറക്കൂട്ടങ്ങളിലെ വഴുക്കലും അപകടത്തിന് കാരണമായി മാറുന്നുണ്ട്.
പ്രദേശത്ത് അകടസൂചിക ബോര്‍ഡുകളുണ്ടെങ്കിലും ഇതൊക്കെ അവഗണിച്ചാണ് പലരും പുഴയിലേക്കിറങ്ങുന്നത്. കാലപ്പഴക്കം ചെന്ന് പല ബോര്‍ഡുകളും നശിച്ചിട്ടുമുണ്ട്. ഇവ പുനഃസ്ഥാപിക്കാനോ മറ്റുസുരക്ഷാ നടപടികള്‍ സ്വീകരിക്കാനോ വനംവകുപ്പും ശ്രമിക്കുന്നില്ല. അപകടം മനസിലാക്കാതെ ഇത്തരം പുഴയോരങ്ങളില്‍ ഇറങ്ങുന്നതും മരണക്കയങ്ങളിൽ കുടുങ്ങി ജീവൻ പൊലിയുന്നതും തുടർക്കഥയാവുകയാണ്.
