പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് 50 ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റിട്ടുണ്ട്.

തൃശ്ശൂര്‍: വരവൂരിൽ കതിനയിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. വരവൂർ പാറക്കൽ ഭഗവതി ക്ഷേത്രത്തിലെ വേലക്കിടെയാണ് അപകടം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ക്ഷേത്രത്തിന് സമീപത്തെ പാടത്ത് കതിന കുറ്റികളിൽ കരിമരുന്ന് നിറക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. വരവൂർ സ്വദേശികളായ ശ്യാംജിത്, രാജേഷ്, ശ്യാംലാൽ, ശബരി എന്നിവ‍രെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

YouTube video player

ശ്യാംലാലിനും, ശബരിക്കും 70 ശതമാനത്തിലേറെ പൊള്ളലുണ്ട്. മറ്റുള്ള രണ്ടുപേർക്ക് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നാലുപേരെയും ബേർണ്സ് ഐസിയുവിലേക്ക് മാറ്റി. പരിക്കേറ്റ നാലുപേരും കരിമരുന്ന് തൊഴിലാളികളാണ്. ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ് ഇവർ. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകട കാരണം വ്യക്തമല്ല. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ വേല ദിവസമാണ് അപകടം നടന്നത്.