കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് ഹാട്രിക് വിജയം. നാല് പേരും വനിതകളും യു.ഡി.എഫ് പ്രതിനിധികളുമാണ്. ഇതില്‍ രണ്ട് പേര്‍ തുടര്‍ച്ചയായി മൂന്ന് തവണ ഒരേ ഡിവിഷനില്‍ നിന്ന് തന്നെ വിജയിച്ചവരാണ്. കോണ്‍ഗ്രസ് നേതാവ് പി. ഉഷാദേവി ടീച്ചര്‍, കെസി ശോഭിത, എംസി. സുധാമണി, അയിഷാബി പാണ്ടികശാല എന്നിവരണ് തുടര്‍ച്ചയായി മൂന്നാം തവണയും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാകാന്‍ വോട്ടര്‍മാര്‍ അവസരം നല്‍കിയത്.
പി ഉഷാദേവി ടീച്ചറും, കെസി ശോഭിതയും ഡിവിഷനുകള്‍ മാറി മത്സരിച്ചപ്പോള്‍ എംസി. സുധാമണിയും അയിഷാബി പാണ്ടികശാലയും ഒരേ ഡിവിഷനില്‍ നിന്നാണ് തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ചത്.

2010ല്‍ ബിജെപിയുടെ മീഞ്ചന്ത ഡിവിഷന്‍ പിടിച്ചെടുത്താണ് പി ഉഷാദേവി ടീച്ചര്‍ ആദ്യം കോര്‍പ്പറേഷന്‍ കൗണ്‍സിലറാകുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പങ്കജം പൈക്കാട്ടിലിനെ 381ന് വോട്ടിനാണ് അന്ന് ഉഷാദേവി പരാജയപ്പെടുത്തിയത്. 2015ല്‍ പാളയം ഡിവിഷനില്‍ നിന്നും സിപിഎമ്മിലെ പി ജയശ്രീയെ 60 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടാമത് കോര്‍പ്പറേഷനിലെത്തുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ചാലപ്പുറം ഡിവിഷനില്‍ നിന്നും ജനതാദള്‍ -എസിലെ എസി റസീയാബി സഹീറിനെ 113 വോട്ടുകള്‍ക്കാണ് ടീച്ചര്‍ പരാജയപ്പെടുത്തിയത്.

കോണ്‍ഗ്രസ് നേതാവ് കെസി അബുവിന്റെ മകളായ കെസി. ശോഭിത കന്നി അങ്കത്തില്‍ 2010ല്‍ പാറോപ്പടി ഡിവിഷനില്‍ നിന്നും 617 വോട്ടുകള്‍ക്ക് സിപിഐയിലെ ഇകെ. എല്‍സി ടീച്ചറെയാണ് പരാജയപ്പെടുത്തുന്നത്.  2015ല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മലാപ്പറമ്പ് ഡിവിഷന്‍ പിടിച്ചെടുത്താണ് ശോഭിത രണ്ടാമത് നഗരസഭയിലെത്തുന്നത്. അന്നത്തെ കൗണ്‍സിലറായ സിപിഎമ്മിലെ കെ സിനിയെ 50 വോട്ടുകള്‍ക്കാണ് ശോഭിത പരാജയപ്പെടുത്തിയത്. 2020ലെ തെരഞ്ഞെടുപ്പില്‍ പാറോപ്പടി ഡിവിഷനില്‍ നിന്ന് എന്‍സിപിയിലെ വിപി ഷീജയെ 717വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് ശോഭിത മൂന്നാമതും കോര്‍പ്പറേഷന്‍ കൗണ്‍സിലറാകുന്നത്.

കോണ്‍ഗ്രസ് പ്രതിനിധിയായ എംസി. സുധാമണി 2010ല്‍ സിപിഎമ്മിന്റെ സിറ്റിങ് ഡിവിഷനായ കല്ലായില്‍ വിജയിച്ചാണ് ആദ്യം കൗണ്‍സിലറാകുന്നത്. സിപിഎമ്മിലെ കെഎം. സാവിത്രിയെ ഒന്‍പത് വോട്ടിനാണ് അന്ന് സുധാമണി പരാജയപ്പെടുത്തിയത്. 2015ലും 2020ലും കല്ലായില്‍ സുധാമണി വിജയം ആവര്‍ത്തിച്ചു. 2015ല്‍ സി.പി.എം നേതാവായിരുന്ന കാനങ്ങോട് ഹരിദാസനെ 487 വോട്ടുകള്‍ക്കും ഇത്തവണ സിപിഎമ്മിലെ അഡ്വ. എംകെ. സറീനയെ 166 വോട്ടുകള്‍ക്കുമാണ് ശോഭിത പരാജയപ്പെടുത്തുന്നത്.

കോഴിക്കോട് കോര്‍പ്പറേഷനിലെ ഡിവിഷന്‍ 39 തിരുവണ്ണൂരില്‍ നിന്നാണ് തുടര്‍ച്ചയായി മൂന്ന് തവണ ആയിഷാബി പാണ്ടികശാല വിജയിക്കുന്നത്. 2010ല്‍ യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച ആയിഷാബി സി.പി.എമ്മിലെ പി. അംബികയെ 242 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെുത്തുന്നത്. 2015ല്‍ മുസ് ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആയിഷാബിയുടെ ഭൂരിപക്ഷം 53 ആയി കുറഞ്ഞെങ്കിലും പരാജയപ്പെടുത്താനായില്ല. സിപിഎമ്മിലെ എം രാമദാസനെയാണ് അന്ന് പരാജയപ്പെട്ടത്.

468 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ആയിഷാബി ഈ തെരഞ്ഞെുപ്പില്‍ വിജയിച്ചത്. സിപിഎമ്മിലെ ശ്രീജാ രാജനെയാണ് ആയിഷാബി ഇത്തവണ പരാജയപ്പെടുത്തിയത്. സുധാമണിയും ആയിഷാബിയും തങ്ങളുടെ ഡിവിഷനുകള്‍ ജനറലായപ്പോഴും അവിടെ വിജയിച്ചാണ് ഹാട്രിക് സ്വന്തമാക്കുന്നതെന്നതാണ് പ്രത്യേകത.