അമ്പോ, മിടുക്കി തന്നെ! ഒരു മണിക്കൂറോളം പഞ്ചാരിമേളം കൊട്ടിക്കയറി 4 വയസുകാരി അനാമിക, വിസ്മയം തീർത്ത് അരങ്ങേറ്റം
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തിലാണ് ആസ്വാദകരെ ആവേശത്തിലാക്കി നാലു വയസുകാരി ഒരു മണിക്കൂറോളം നാദ വിസ്മയം തീര്‍ത്തത്.
തൃശൂര്‍: ചെണ്ട വാദ്യ കലയുടെ പാരമ്പര്യ തറവാട്ടില്‍നിന്നും മേള പെരുക്കത്തിന്റെ വാദ്യലോകത്തേക്ക് കൊട്ടിക്കയറി നാല് വയസുകാരി അനാമിക രഞ്ജിത്ത്. മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തിലാണ് ആസ്വാദകരെ ആവേശത്തിലാക്കി നാലു വയസുകാരി ഒരു മണിക്കൂറോളം നാദ വിസ്മയം തീര്‍ത്തത്. പ്രശസ്ത മേള കലാകാരനും ആയിരത്തിലധികം ശിഷ്യസമ്പത്തുമുള്ള മച്ചാട് രഞ്ജിത്തിന്റെ മകളാണ് അനാമിക.
ഗുരുവായ രഞ്ജിത്തിനൊപ്പം മൂന്നാംകാലത്തില്‍ താളമിട്ടപ്പോള്‍ അമ്മയും മേള കലാകാരിയുമായ മിഥിലയും മുത്തച്ഛനും പ്രശസ്ത മേള കലാകാരനുമായ മച്ചാട് ഉണ്ണിയും കൂട്ടരും വലന്തലയില്‍ പുറകില്‍ നിന്നു. പഠനം പൂര്‍ത്തീകരിച്ച ഏറ്റവും പുതിയ നിരയില്‍ പതിനൊന്നു പേരാണ് കഴിഞ്ഞ ദിവസം തിരുവാണിക്കാവ് ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്.
ചടങ്ങിൽ മുന്‍ വനിതാ കമ്മിഷന്‍ അംഗവും നെന്മാറ എന്‍.എസ്.എസ്. കോളജ് പ്രിന്‍സിപ്പലുമായ പ്രഫ. കെ.എ. തുളസി മച്ചാട് രഞ്ജിത്തിനേയും മച്ചാട് ഉണ്ണിയേയും ആദരിച്ചു. ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ പാലിശേരി രഘു, എ.സി. കണ്ണന്‍, സുരേഷ് നമ്പൂതിരി, ക്ഷേത്രം ഇളയത് അരീക്കര ഇല്ലത്ത് കൃഷ്ണകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.