രഹസ്യ വിവരം കിട്ടി, സ്ഥലത്തെത്തിയപ്പോൾ ചാരായം വാറ്റ്; ചെട്ടിക്കുളങ്ങരയിൽ വാറ്റ് സംഘത്തെ എക്സൈസ് പിടിയിൽ
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് വാറ്റ് സംഘത്തെ എക്സൈസ് കൈയ്യോടെ പിടികൂടിയത്.
ചെട്ടിക്കുളങ്ങര: ആലപ്പുഴ ചെട്ടിക്കുളങ്ങരയിൽ ചാരായം വാറ്റുന്നതിനിടയിൽ വാറ്റ് സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ബഞ്ചു തോമസ്, ജോർജ് വർഗീസ്, അജിത്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 20.5 ലിറ്റർ ചാരായം, 100 ലിറ്റർ കോട, 20 ലിറ്റർ സ്പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കായംകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് വാറ്റ് സംഘത്തെ എക്സൈസ് കൈയ്യോടെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ കൊച്ചു കോശി ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) മാരായ സുനിൽ, ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ദീപു പ്രഭകുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസവും ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ ആലപ്പുഴയിൽ അനധികൃത മദ്യം എക്സൈസ് പിടികൂടിയിരുന്നു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 102 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി രഘുവിനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് എക്സൈസ് സർക്കിൾ പാർട്ടിയും, ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 204 കുപ്പി മദ്യശേഖരം പിടികൂടിയത്.
Read More : കഠിനം ആശുപത്രിയിലേക്കുള്ള യാത്ര; കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ രോഗികളുമായി ആംബുലൻസുകളുടെ സാഹസിക യാത്ര