Asianet News MalayalamAsianet News Malayalam

'പൊറോട്ടയുടെ വില കൂടി'; ആറ്റിങ്ങലില്‍ കാറിലെത്തിയ നാലംഗ സംഘം ഹോട്ടലുടമയുടെ തല തല്ലിപ്പൊട്ടിച്ചു

ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിരുന്നു. ശേഷം ബിൽ തുക നൽകി പോയ സംഘം വീണ്ടും മടങ്ങിയെത്തി പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്നു പറഞ്ഞ് അസഭ്യം പറഞ്ഞു.

four youths attacked hotel owner over parotta price issue at attingal
Author
Attingal, First Published Jul 6, 2022, 1:55 PM IST

തിരുവനന്തപുരം: പൊറോട്ടയുടെ വില കൂടിയെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടൽ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആറ്റിങ്ങൽ മൂന്നുമുക്ക് ബി.എൽ നിവാസിൽ ഡിജോയ് ( 34 ) യെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 12.45 ഓടെ ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലിൽ ആണ് സംഭവം. 

ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിരുന്നു. ശേഷം ബിൽ തുക നൽകി പോയ സംഘം വീണ്ടും മടങ്ങിയെത്തി പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്നു പറഞ്ഞ് അസഭ്യം പറഞ്ഞു. ഹോട്ടൽ ഉടമ ഡിജോയ് ഇവരോട് കടയ്ക്കു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമായി. പൊലീസിനെ വിളിക്കാൻ ഡിജോയ് ശ്രമിക്കവെ സംഘം ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. 

Read More : കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം, ഒരാഴ്ച പഴക്കം, ആത്മഹത്യയെന്ന് സംശയം

ഇതിനിടെ ഒരാൾ കടയുടെ മുന്നിലിരുന്ന പാൽകൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തി. നിലത്തിട്ടു ചവിട്ടി. അതിനു ശേഷം അക്രമി സംഘം കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത ആറ്റിങ്ങൽ പൊലീസ് കാർ നമ്പർ പരിശോധിച്ച് അന്വേഷണം തുടങ്ങി. അക്രമികൾ വെമ്പായം നെടുമങ്ങാട് ഭാഗത്തുള്ളവരാണെന്നാണ് സൂചന. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios