പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങുമ്പോഴാണ് മുണ്ടക്കയം ഒന്നാം വാർഡ് അംഗം ജോമി തോമസിനെ കുറുനരി ആക്രമിച്ചത്
കോട്ടയം: മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുനരി ആക്രമിച്ചു. ദേഹമാസകലം പരിക്കേറ്റ പഞ്ചായത്ത് അംഗം ജോമി തോമസ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസ തേടി. കുറുനരിക്ക് പേ വിഷബാധ ഉണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. നാട്ടുകാരാണ് ജോമിയെ കുറുനരിയുടെ പിടിയിൽ നിന്ന് രക്ഷിച്ചത്. ഇന്ന് അതിരാവിലെയായിരുന്നു സംഭവം.
പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങുമ്പോഴാണ് മുണ്ടക്കയം ഒന്നാം വാർഡ് അംഗം ജോമി തോമസിനെ കുറുനരി ആക്രമിച്ചത്. ഒരു വിധം രക്ഷപ്പെട്ട് ജോമി വീടിന് അകത്തു കയറിയപ്പോഴേക്കും കുറുക്കൻ കോഴിക്കൂടിനടുത്തെത്തി. അവിടെ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും കടിച്ചു. ഒടുവിൽ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുറുക്കനെ തല്ലികൊല്ലുകയായിരുന്നു.
കൈക്കും കാലിനുമായി പത്തിലേറെ മുറിവേറ്റ ജോമി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പേ വിഷ പ്രതിരോധ കുത്തിവയ്പ്പെടുത്തു . കുറുനരിക്ക് പേ വിഷബാധ സംശയിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു. കുറുനരിയെ തല്ലി കൊന്നതിന് കേസ് എടുക്കില്ലെന്ന ഉറപ്പും വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നൽകി.
