തിരുവനന്തപുരത്ത് ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്. വ്യാജ യുപിഐ സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കാനാണ് ശ്രമം. തലസ്ഥാനത്തെ ഒരു റാപ്പിഡോ ഡ്രൈവറിൽനിന്ന് പണം തട്ടാൻ ശ്രമം നടന്നു.

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഓൺലൈൻ ടാക്‌സി സർവീസ് ആപ്പായ റാപ്പിഡോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് സംഘം സജീവം. വ്യാജ യുപിഐ സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് തിരുവനന്തപുരത്ത് നടന്നത്. ഒരു റാപ്പിഡോ ഡ്രൈവർക്ക് നേരിടേണ്ടി വന്ന അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് തട്ടിപ്പ് രീതി പുറത്തറിഞ്ഞത്. അനുഭവം ഉണ്ടായതിൻ്റെ വിശദാംശങ്ങൾ അദ്ദേഹം തെളിവുകൾ സഹിതം പുറത്തുവിട്ടു.

കഴിഞ്ഞ ജൂലൈ 29ന് രാത്രി 9:37നാണ് സംഭവം. മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന ഡ്രൈവർക്ക് എസ് കെ ഹോസ്പിറ്റലിൽനിന്ന് പാളയം ബസ് സ്റ്റോപ്പിലേക്ക് ആളെ എത്തിക്കാൻ റാപ്പിഡോ ആപ്പിൽ ഓർഡർ ലഭിച്ചു. റൈഡിനായി പോകുന്നതിനിടെ ഡ്രൈവർക്ക് അജ്ഞാത നമ്പറിൽനിന്ന് ഒരു കോൾ എത്തി.

തന്റെ ഭാര്യയാണ് ആശുപത്രിക്ക് മുന്നിൽ നിൽക്കുന്നതെന്നും അവരെ പാളയത്ത് ഇറക്കണമെന്നും ഇംഗ്ലീഷിൽ സംസാരിച്ച വ്യക്തി ആവശ്യപ്പെട്ടു. തുടർന്ന്, യാത്രാക്കൂലിയും മറ്റ് ആവശ്യങ്ങൾക്കുമുള്ള കൂടുതൽ പണം മുൻകൂറായി അയച്ചുനൽകാമെന്നു പറഞ്ഞ് ഡ്രൈവറുടെ യുപിഐ നമ്പർ കൈക്കലാക്കി. പിന്നാലെ സ്വന്തം മൊബൈൽ നമ്പറിൽ നിന്ന് 1,200 രൂപ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചതായി കാണിച്ച് വ്യാജ ടെക്സ്റ്റ് സന്ദേശം ഡ്രൈവറുടെ ഫോണിലേക്ക് അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്.

ബാങ്ക് അക്കൗണ്ട് നോട്ടിഫിക്കേഷന് സമാനമായ ടെക്സ്റ്റ് മെസേജ് എത്തിയതിന് തൊട്ടുപിന്നാലെ ഡ്രൈവറെ തിരികെ വിളിച്ച് ഭാര്യക്ക് പണം നൽകേണ്ടെന്നും താൻ തരുന്ന യുപിഐ ക്യുആർ കോഡിലേക്ക് 1,000 രൂപ അടിയന്തരമായി തിരിച്ചയക്കാനും ബാക്കി തുക യാത്രയ്ക്ക് വെച്ചോളാനും ആവശ്യപ്പെടുകയായിരുന്നു.

സന്ദേശം വ്യാജമാണെന്നും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും മനസ്സിലാക്കിയ ഡ്രൈവർ ചോദ്യം ചെയ്തതോടെ തട്ടിപ്പുകാരൻ കോൾ വിച്ഛേദിച്ചു. തുടർന്ന് ഈ ഫോൺ നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തൊട്ടുപിന്നാലെ റൈഡ് റദ്ദാക്കുകയും ചെയ്തെന്നാണ് യൂബർ കൊച്ചി ഡ്യൂഡ് എന്ന വ്ളോഗർ പറയുന്നത്. ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ, ഡെലിവറി പങ്കാളികൾ തുടങ്ങിയ സാധാരണക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇത്തരക്കാർ വലവിരിക്കുന്നതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ഇയാൾ നൽകുന്നു.

ബാങ്ക് ആപ്പുകൾ പരിശോധിച്ച് അക്കൗണ്ടിൽ പണം എത്തിയെന്ന് ഉറപ്പുവരുത്താതെ ടെക്സ്റ്റ് മെസ്സേജുകൾ മാത്രം വിശ്വസിച്ച് ആർക്കും പണം തിരികെ അയക്കരുതെന്നും പരിചയമില്ലാത്ത വ്യക്തികൾ തരുന്ന ക്യുആർ കോഡുകളിലേക്ക് പണം അയക്കരുതെന്നും വീഡിയോയിലുണ്ട്. അനുഭവം പങ്കുവച്ച് വ്ളോഗറുടെ വീഡിയോ വൈറലായതോടെ നിരവധി ഡ്രൈവർമാരാണ് തട്ടിപ്പ് വിവരം പങ്കുവെച്ച് രംഗത്തെത്തിയത്. പലരോടും നഗരത്തിലെ ആശുപത്രികളുടെ പേര് പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചതെന്നും ഇവർ പറയുന്നു. ഇത്തരത്തിൽ സംശയാസ്പദമായ സന്ദേശങ്ങളോ കോളുകളോ ലഭിച്ചാൽ ഉടൻ തന്നെ സൈബർ പൊലീസിലെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെയോ അറിയിക്കണമെന്നും അനുഭവസ്ഥർ പറയുന്നു.