അടയ്ക്കാനില്ലാത്ത വൈദ്യുതി ബില്ലിന്റെ പേരിൽ സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബിൽ അടക്കാനുണ്ടെന്ന പേരിൽ ഒരു സന്ദേശം വാട്സ്ആപ്പിൽ വരും. ശേഷം അതിലൂടെ നിങ്ങൾ മുമ്പ് അടച്ച കറൻറ് ബില്ലിന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ ആവശ്യപ്പെടും.
ചെങ്ങന്നൂർ: പല വിധത്തിലുള്ള തട്ടിപ്പുകൾക്ക് മനുഷ്യർ ഇരയാവുന്ന കാലമാണ്. വാട്സ്ആപ്പ് വഴി വിവിധതരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നതിന്റെ നിരവധി വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. ഇപ്പോഴിതാ വൈദ്യുതി വകുപ്പിന്റെ പേരിലും വാട്സ്ആപ് വഴി തട്ടിപ്പ് നടക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
അടയ്ക്കാനില്ലാത്ത വൈദ്യുതി ബില്ലിന്റെ പേരിൽ സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബിൽ അടക്കാനുണ്ടെന്ന പേരിൽ ഒരു സന്ദേശം വാട്സ്ആപ്പിൽ വരും. ശേഷം അതിലൂടെ നിങ്ങൾ മുമ്പ് അടച്ച കറൻറ് ബില്ലിന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ ആവശ്യപ്പെടും. ഇങ്ങനെയാണ് ഇത്തരക്കാർ ഈ തട്ടിപ്പ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ചെങ്ങന്നൂർ തിരുവൻവണ്ടൂർ പ്രകാശ് ഭവനിൽ അഡ്വ. എ വി അരുൺപ്രകാശിന് ഇത്തരത്തിൽ സന്ദേശം വന്നിരുന്നു. അരുൺ പ്രകാശ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചില്ലെന്നും അതുകൊണ്ട് ഇന്ന് രാത്രി തന്നെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്യുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. മുമ്പ് അടച്ച വൈദ്യുതി ബില്ലിന്റെ സ്ക്രീൻഷോട്ട് താഴെ തന്നിരിക്കുന്ന നമ്പറിൽ വാട്സ്ആപ് ചെയ്യണമെന്നും ഈ വ്യാജ സന്ദേശത്തിൽ പറയുന്നുണ്ട്. ഇക്കാര്യം മറ്റൊരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും ഇത്തരത്തിലൊരു സന്ദേശം വന്നിരുന്നുവെന്നും ഇത് തട്ടിപ്പാണെന്നും അറിയിച്ചു. എന്നാൽ, തൊട്ടുപിന്നാലെ വീണ്ടും ഫോൺ കോളെത്തി. കെ എസ് ഇ ബിയുടെ സെർവർ തകരാറായതിനാൽ ഇലക്ട്രിസിറ്റി ബോർഡിന്റെ സൈറ്റിൽനിന്നും ഡീറ്റെയിൽസ് നഷ്ടപ്പെട്ടെന്നും അതുകൊണ്ട് മുമ്പ് അടച്ച വൈദ്യുതി ബില്ലിന്റെ സ്ക്രീൻഷോട്ട് മുകളിൽ പറഞ്ഞ നമ്പറിൽ അയക്കണമെന്നും പറഞ്ഞ് കാൾ കട്ടായി. ഇതു സംബന്ധിച്ച് അധികൃതരെ അറിയിച്ച്, കൂടുതൽ വിവരങ്ങൾ തേടിയിരിക്കുകയാണ് അരുൺ പ്രകാശ്.
