വിവിധ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയ കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയെ കോഴിക്കോട്ട് പോലീസ് അറസ്റ്റ് ചെയ്തു. 

കോഴിക്കോട്: വിവിധ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. തളങ്ങര കുന്നില്‍ മുഹമ്മദ് മുസ്തഫ(47)യെയാണ് ഫറോക്ക് അസി. കമ്മീഷണര്‍ സിദ്ദീഖിന് കീഴിലുള്ള ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസുകാരും ചേര്‍ന്ന് പിടികൂടിയത്. വിജിലന്‍സ് ഉദ്യോഗസ്ഥന്‍, ക്രൈംബ്രാഞ്ച് സിഐ, ഇഡി ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ ചമഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ 26ാം തിയ്യതി ഇയാള്‍ കുഴിമ്പാടത്ത് ഖദീജ എന്ന സ്ത്രീ ജോലി ചെയ്യുന്ന ഫറോക്ക് ചുങ്കത്തുള്ള തയ്യല്‍ കടയില്‍ എത്തി നടത്തിയ തട്ടിപ്പിലാണ് പിടി വീണത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തിയ മുസ്തഫ, പൊലീസ് ക്യാന്റീനില്‍ പുതിയ തയ്യല്‍ മെഷീന്‍ വന്നിട്ടുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നും ധരിപ്പിച്ച് 6000 രൂപ കൈക്കലാക്കി മുങ്ങുകയായിരുന്നു.

ഇയാള്‍ ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും കോഴിക്കോട് മുക്കം, ഫറോക്ക്, പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധികളിലും സമാനമായ തട്ടിപ്പ് നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പയ്യടിമീത്തലില്‍ നാളികേര കച്ചവടം നടത്തുന്ന കോയയുടെ കടയില്‍ എത്തി തട്ടിപ്പ് നടത്തിയത് പന്തീരാങ്കാവ് എസ്‌ഐ ആണെന്ന് പരിചയപ്പെടുത്തിയാണ്. കോടതിയില്‍ ഹാജരാക്കിയ മുസ്തഫയെ അറസ്റ്റ് ചെയ്തു.