അറുപത് ശതമാനം ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. വീട്ടിലെ ദാരിദ്ര്യത്തിനൊപ്പം മാതാപിതാക്കൾ അതിരാവിലെ കൂലിപ്പണിക്ക് പോകുന്നതിനു മുമ്പ് ഭക്ഷണം ഉണ്ടാക്കാൻ പറ്റാത്തതും കുട്ടികൾ പട്ടിണിയിരിക്കാൻ കാരണമാകുന്നുണ്ട്.

ഇടുക്കി: ഇടുക്കി മുരിക്കാട്ടുകുടി സ്ക്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് ഇനി രാവിലെ മുതൽ ഉച്ചവരെ പട്ടിണിയിരിക്കേണ്ടി വരില്ല. പിടിഎയുടെയും സുമനസുകളുടെയും സഹായത്തോടെ കുട്ടികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. നിരവധി കുഞ്ഞുങ്ങൾ സ്കൂളിൽ പ്രഭാതഭക്ഷണം കഴിക്കാതെയാണ് എത്തുന്നതെന്ന ലിൻസി ടീച്ചറുടെ ഈ കണ്ടെത്തലാണ് മുരിക്കാട്ടുകുടി സ്ക്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകാനുള്ള തീരുമാനത്തിന് കാരണമായത്. അറുപത് ശതമാനം ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. വീട്ടിലെ ദാരിദ്ര്യത്തിനൊപ്പം മാതാപിതാക്കൾ അതിരാവിലെ കൂലിപ്പണിക്ക് പോകുന്നതിനു മുമ്പ് ഭക്ഷണം ഉണ്ടാക്കാൻ പറ്റാത്തതും കുട്ടികൾ പട്ടിണിയിരിക്കാൻ കാരണമാകുന്നുണ്ട്.

രാവിലെ വിശന്ന വയറുമായി ക്ലാസിലെത്തുന്ന കുട്ടികളെ ഹാജരെടുത്ത് പാഠിപ്പിക്കുന്നതിനൊപ്പം വിശപ്പകറ്റാൻ ഭക്ഷണവും ഒരുക്കണമെന്ന ലിൻസി എന്ന കണക്ക് അധ്യാപികയുടെ തിരിച്ചറിവും പദ്ധതി തുടങ്ങാൻ കാരണമായി. പ്ലസ്ടു വരെ കണക്കെടുത്തപ്പോൾ നൂറിലേറെ കുട്ടികൾ പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കാൻ പറ്റാത്തവരുണ്ടെന്ന് കണ്ടെത്തി. കാര്യം പറഞ്ഞപ്പോൾ പിടിഎയും പൂർവ്വ വിദ്യാർത്ഥികളും സുമനസ്സുക്കളും സഹായിക്കാമെന്നേറ്റു. അങ്ങനെ പദ്ധതി യാഥാർത്ഥ്യമായി. വിശന്ന വയറുമായി ക്ലാസിലിരുന്നിരുന്ന കുട്ടികളും സന്തോഷത്തിലായി.

ക്ലാസ് ടീച്ചർമാർ നൽകിയ പട്ടിക അനുസരിച്ച് അർഹതപ്പെട്ട കുട്ടികൾക്കാണ് രാവിലെ വയറുനിറച്ച് പ്രഭാത ഭക്ഷണം നൽകുന്നത്. അപ്പം, ദോശ, ഉപ്പുമാവ്, കൊഴുക്കട്ട ഇവയിലൊന്ന് ലഭ്യമാക്കാനാണ് തീരുമാനം. ദിവസം 2000 രൂപയോളം ചെലവാകും. മുടങ്ങാതിരിക്കാൻ കാലക്രമേണ സർക്കാർ സഹായവും ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

മുരിക്കാട്ടുകുടി സ്‌കൂളിലെ കുട്ടികൾക്ക് ഇനി പട്ടിണി കിടക്കേണ്ട | Murikkattukudy Tribal School