വന്യമൃഗശല്യത്തിന്റെ ഭീതിതമായ കഥകള്‍ മാത്രം കേള്‍ക്കുന്ന വയനാട്ടില്‍ നിന്ന് ഒരു വന്യജീവിയുമായുള്ള ഹൃദ്യമായ ബന്ധത്തിന്റെ കഥ പറയുകയാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ പങ്കളം വനഗ്രാമം.
സുല്‍ത്താന്‍ ബത്തേരി: ആഴ്ചകള്‍ക്ക് മുമ്പാണ് വയനാട്ടിലെ ഇരുളത്തും സമീപപ്രദേശങ്ങളിലും മലയണ്ണാന്‍ ആളുകളെ ആക്രമിച്ചെന്ന വാര്‍ത്ത എത്തിയത്. ഇത്തരത്തില്‍ വന്യമൃഗശല്യത്തിന്റെ ഭീതിതമായ കഥകള്‍ മാത്രം കേള്‍ക്കുന്ന വയനാട്ടില്‍ നിന്ന് ഒരു വന്യജീവിയുമായുള്ള ഹൃദ്യമായ ബന്ധത്തിന്റെ കഥ പറയുകയാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ പങ്കളം വനഗ്രാമം. അപൂര്‍വ്വമായി മാത്രം മനുഷ്യരോട് ഇണങ്ങുന്ന മലയണ്ണാന്‍ ആണ് കഥനായകന്‍. 'ചക്കര' എന്ന് പേരിട്ട് കോളനിക്കാര്‍ ഓമനിക്കുന്ന മലയണ്ണാന്റെ ജീവന്‍ കോളനിവാസികള്‍ തിരികെ നല്‍കിയതോടെയാണ് ഈ ജീവി ഇവരുടെ ഓമനയായി മാറിയത്.
ആ കഥയിങ്ങനെയാണ്: ഒരിക്കല്‍ കോളനിയില്‍ നിന്നുള്ള ചിലര്‍ വനത്തില്‍ തേന്‍ ശേഖരിക്കന്‍ പോയതായിരുന്നു. ഇതിനിടെയാണ് മരത്തില്‍ നിന്ന് വീണ് അവശനായി കിടക്കുന്ന മലയണ്ണാന്‍ കുഞ്ഞിനെ കാണുന്നത്. ഇവര്‍ ഇതിനെ ശ്രദ്ധാപൂര്‍വ്വം എടുത്ത് കോളനിയിലേക്ക് കൊണ്ടുവന്നു. പാല് കൊടുത്തും കൂരയില്‍ ഒരു മൂലയില്‍ കൂട് വെച്ചും നല്‍കിയും സ്നേഹത്തോടെയുള്ള പരിചരണം മലയണ്ണാനെ കോളനിക്കാരുമായി കൂടുതല്‍ അടുപ്പിച്ചു. മലയണ്ണാന്‍ 'സ്വന്തം കാലില്‍' നില്‍ക്കാനായി എന്ന് പരിചരിക്കുന്നവര്‍ക്ക് തോന്നിയ ദിവസം അവന്‍ കൂട്ടില്‍ നിന്ന് സ്വതന്ത്രനായി. വളരെ പെട്ടെന്ന് കോളനിവാസികളോട് ചങ്ങാത്തത്തിലായ ചക്കര, പക്ഷേ ഒരുപാട് ദൂരേക്ക് ഒന്നും പോയില്ല. കോളനിയിലെ ബോഗണ്‍വില്ല ചെടിയില്‍ സ്വന്തമായി കൂടൊരുക്കി. ഭക്ഷണ പദാര്‍ഥങ്ങള്‍ എന്ത് കൈയ്യിലെടുത്ത് വിളിച്ചാലും എത്ര ഉയരമുള്ള മരത്തില്‍ നിന്നാണെങ്കിലും നിമിഷം നേരം കൊണ്ട് വിളിച്ചയാളുടെ അരികിലേക്ക് എത്തും.
കൈയ്യിലുള്ള ഭക്ഷണം വാങ്ങിക്കഴിച്ചതിന് ശേഷം ഒറ്റക്കുതിപ്പിന് തോളില്‍ കയറി സ്നേഹ പ്രകടനം തുടങ്ങും. ബോഗണ്‍വില്ലയിലെ കൂട്ടിലായിരുന്നു രാത്രിയില്‍ താമസമെങ്കിലും പിന്നീട് കോളനിയിലുള്ള പുളിമരത്തില്‍ ഏറ്റവും മുകളില്‍ മറ്റൊരു കൂടൊരുക്കി. കുറച്ചു നാളായി ഇതിലാണ് താമസം. ആറ് മാസം പ്രായമായ 'ചക്കരെ'യുടെ ദേഹത്ത് വലിയ രോമമായി വരുന്നതേയുള്ളു. പങ്കളം കോളനിയിലുള്ളവര്‍ എന്ത് കഴിക്കാനെടുക്കുമ്പോഴും 'ചക്കരെ' എന്നൊന്ന് നീട്ടി വിളിക്കും. ഇത് കേള്‍ക്കേണ്ട താമസം മരക്കൊമ്പുകളില്‍ ചാടി മറിഞ്ഞ് വിളിച്ചയാളുടെ അരികിലെത്തും. കൈയ്യിലുള്ളത് വാങ്ങി പിന്നെയും മരത്തിലേക്ക്. അങ്ങനെ മലയണ്ണാനും ഒരു പറ്റം മനുഷ്യരും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ കാഴ്ച തുടരുകയാണ് പങ്കളം വനഗ്രാമത്തില്‍. വന്യജീവി ശല്യത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ നിറയുന്ന വയനാട്ടില്‍ നിന്ന് വേറിട്ട കാഴ്ച തന്നെയാണിത്.

