ഇടുക്കി: സൈനിക ട്രക്ക് മറിഞ്ഞ് മരണപ്പെട്ട മലയാളി ജവാന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. സൈനികന്‍റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തിയത്. കരസേനയിലെ അസ്സം റെജിമെന്‍റിലെ ട്രക്ക് ഡ്രൈവറായിരുന്നു ഇടുക്കി സ്വദേശിയായ റോബിന്‍ റെജി (22). ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റോബിന്‍ ഓടിച്ച ട്രക്ക് അപകടത്തില്‍പ്പെട്ടത്.

റെജിമെന്‍റില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെയുള്ള ക്യാമ്പിലേയ്ക് സാധനങ്ങളുമായി പോകുന്നതിനിടെ റോബിന്‍ ഓടിച്ച ട്രക്കിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 500 മീറ്ററോളം താഴേയ്ക്ക് പതിച്ച വാഹനത്തില്‍ നിന്നും ഹെലികോപ്ടറിന്‍റെ സഹായത്തോടെയാണ് റോബിനെ പുറത്തെടുത്തത്.  ജോര്‍ഹെഡ് സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.  ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ചേമ്പളം സെന്‍റ് ജോസഫ് ദേവാലയത്തിലാണ് മൃതദേഹം സംസ്കരിച്ചത്.  പിതാവ് ഇടുക്കി ചേമ്പളം നന്തികാട്ട് ജോസഫ്. മാതാവ് സെലിന്‍. ബികോം വിദ്യാര്‍ത്ഥിനി റോസ്മി ഏക സഹോദരിയാണ്.