ആസാം സ്വദേശികളായ ചമത് അലി 26, ഇൻസമാമുൾ ഹഖ് 18 എന്നിവരെയാണ് പിടികൂടിയത്
പാലക്കാട്: ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ എസ് ആർ ടി സി ബസിൽ വൻ തോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചവർ പിടിയിലായി. കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്ത രണ്ടുപേരാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.9 കിലോഗ്രാം കഞ്ചാവും പിടികൂടി. എക്സൈസ് ഇൻസ് പെക്ടർ എ ബി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ആസാം സ്വദേശികളായ ചമത് അലി 26, ഇൻസമാമുൾ ഹഖ് 18 എന്നിവരെ പിടികൂടിയത്. ക്രിസ്മസ് നവവത്സര സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി ചെക്ക്പോസ്റ്റിൽ വാഹന പരിശോധന ഊർജിതമാക്കിയിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് പ്രതികൾ കെ എസ് ആർ ടി സി ബസിൽ നിന്ന് പിടിയിലായത്. പരിശോധന സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർ വി സുദർശനൻ നായർ , സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ആർ, അജോയ് എസ് എന്നിവരാണ് ഉണ്ടായിരുന്നത്.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പൂന്തുറയിൽ കാറിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി എന്നതാണ്. പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള ( 25 ) ആണ് പൂന്തുറ പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം ബദരിയ നഗറിൽ വെച്ച് വിൽപനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് കാറിൽ നിന്ന് കണ്ടെത്തിയ കേസിൽ മുഖ്യ പ്രതിയാണ് ഇപ്പോൾ പിടിയിലായ അബ്ദുള്ള. കഞ്ചാവുമായി വരുന്ന വഴി പൊലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കോവളത്ത് നിന്നാണ് പിടികൂടിയത്. പൂന്തുറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കാറില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
