വെള്ളനാട് വെളിയന്നൂര്‍ സ്വദേശി ശരണ്‍(23)ആണ് പിടിയിലായത്. ഏകദേശം 50 ലക്ഷം രൂപക്ക് മുകളില്‍ വില മതിക്കുന്ന കഞ്ചാവ് ബാഗുകളിലാക്കി കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 

തിരുവനന്തപുരം: പാറശാലയിൽ കാറില്‍ കടത്തിക്കൊണ്ടുവന്ന വന്‍ കഞ്ചാവ് ശേഖരം ഡാൻസഫ് ടീം പിടികൂടി. പുലർച്ചെ ദേശീയപാതയില്‍ പാറശാലക്ക് സമീപം കുറുംകൂട്ടിയില്‍ വച്ചാണ് ഡാന്‍സാഫ് സംഘം കഞ്ചാവുമായി കാറില്‍ എത്തിയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടിയത്. വെള്ളനാട് വെളിയന്നൂര്‍ സ്വദേശി ശരണ്‍(23)ആണ് പിടിയിലായത്. ഏകദേശം 50 ലക്ഷം രൂപക്ക് മുകളില്‍ വില മതിക്കുന്ന കഞ്ചാവ് ബാഗുകളിലാക്കി കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒറീസയില്‍ നിന്നും മൊത്തമായി കഞ്ചാവ് ശേഖരിച്ച് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടന്ന് തിരുവനന്തപുരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് അന്യസംസ്ഥാന തൊഴുലാളികള്‍ക്കിടയിലും വിദ്യാർഥികള്‍ക്കിടയിലും ചില്ലറ വ്യാപാരം നടത്തുന്നതാണ് രീതി. ദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കേസില്‍ രണ്ട് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. നാര്‍ക്കോട്ടിക് ഡിവൈ.എസ്പി പ്രദീപിന്‍റെ നേതൃത്വത്തിലാണ് ഡാന്‍സാഫ് ടീം പ്രതിയെ പിടികൂടിയത്.

120 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

അതേ സമയം, പാലക്കാട് പ്ലാമരത്തോട് ഉന്നതിയിൽ കണ്ടെത്തിയ 120 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 5.20 ഓടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഗളി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഇഹ് ലാസ് അലിയും സംഘവും പരിശോധന നടത്തുകയായിരുന്നു. പ്രത്യേക പരിശോധനക്കായി അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിലെ പ്ലാമരത്തോട് ഉന്നതിയിൽ എത്തിച്ചേർന്നു. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ വടക്ക് മാറിയുള്ള ആരെല്ലാമലയുടെ മുകളിലുള്ള വനപ്രദേശത്ത് വച്ച് രണ്ട് തോട്ടങ്ങളിലായി ആകെ 120 കഞ്ചാവ് ചെടികളാണ് സംഘം പരിശോധനയിൽ കണ്ടെത്തിയത്. ഇതെത്തുടർന്ന് കണ്ടെത്തിയ കഞ്ചാവ് ചെടികളെല്ലാം നശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

YouTube video player