വില്ലേജാഫീസ്, താലൂക്ക് തഹസീൽദാർ ആഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ഒരു മാസത്തിലധികം എടുത്ത് നടത്തിയ പരിശോധനകളെല്ലാം കഴിഞ്ഞ് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി  ജിയോളജി വകുപ്പിൽ ഒന്നര മാസം മുമ്പ് എത്തിയ ഫയലാണ് ജീവനക്കാർ തട്ടിക്കളിക്കുന്നതെന്നാണ് ആക്ഷേപം.

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട കുടുംബങ്ങൾക്ക് ജിയോളജി വകുപ്പ് ജീവനക്കാരുടെ വക പാര. മൂന്ന് മാസം മുമ്പ് വാഴമുട്ടത്തിനടുത്ത് പാറവിളയിൽ മഴയത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ദുരിതത്തിലായ കുടുംബങ്ങളെയാണ് ജിയോളജി വകുപ്പിലെ സെക്ഷൻ ജീവനക്കാർ വട്ടംചുറ്റിക്കുന്നതായി പരാതി ഉയരുന്നത്. 

ഹൃദ്രോഗിയായ തൽഹത്തും(66) വൃക്ക രോഗിയായ ഭാര്യയും താമസിക്കുന്ന വീടിനും തൊട്ടടുത്ത മുൻ പ്രവാസിയും ശാരീരിക വെെകല്യമുള്ളയാളുമായ നവാസിന്റെയും വീടിനും മുകളിലാണ് നത്ത മഴയിൽ മണ്ണ് ഇടിഞ്ഞ് വീണത്. വീടുകളുടെ ശുചി മുറികളും അടുക്കളകളും തകർന്ന് വീടും പരിസരവും ചെളി കൊണ്ട് മൂടുകയും വീട്ടുപകരണങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. പ്രകൃതി ദുരന്തം ഉണ്ടായ ഉടനെ സ്ഥലം എംഎൽഎ. കൂടിയായ മന്ത്രി ശിവൻകുട്ടിയും ജില്ലാ കളക്ടറും സ്ഥലം സന്ദർശിച്ച് പരിസരത്ത് നിന്ന് മണ്ണ് മാറ്റുന്നതടക്കുള്ള എല്ലാ സഹായങ്ങളും ഉറപ്പു നൽകിയെങ്കിലും വില്ലേജാഫീസ് മുതൽ കളക്ടറേറ്റ്, ജിയോളജി വകുപ്പ് വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് മാസത്തോളം സമയം എടുത്തു. 

വീട് താമസയോഗ്യ മല്ലാത്തതിനാൽ നവാസിന്റെ വീട്ടുകാർ താത്കാലികമായി മറ്റൊരു വീട്ടിലേക്ക് താമസം മാറിയെങ്കിലും വയോവൃദ്ധരായ ദമ്പതികൾ മറ്റെങ്ങും പോകാൻ ഇടമില്ലാത്തത് കാരണം ഈ മൺകൂനക്കിടയിൽ പൊടിയും കാറ്റുമേറ്റ് ദുരിതത്തിൽ കഴിയുകയാണ്. പ്രകൃതിദുരന്തമായിട്ടും ഫണ്ടില്ലെന്ന പേരിൽ വീടിന് മുകളിലൂടെ കുന്നുകൂടി കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ അധികൃതർ വിസമ്മതിച്ചു. ഇതോടെ സ്വന്തം നിലയ്ക്ക് മണ്ണ് നീക്കം ചെയ്യാമെന്ന് ദുരന്ത ബാധിതർ സമ്മതിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് അനുമതിക്കുള്ള ഫീസായ 2300 രൂപയും ടാക്സും അടപ്പിച്ചശേഷം വൈകിട്ട് പെർമിറ്റ് നൽകാം എന്നറിയിച്ചു.

വൈകിട്ട് പെർമിറ്റ് വാങ്ങാൻ എത്തിയപ്പോൾ സാങ്കേതിക തടസം പറഞ്ഞ് അനുമതി നൽകാതെ മടക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. ഇത്തരത്തിൽ തടസമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അനുമതിക്കുള്ള ഫീസ് അടപ്പിച്ചു എന്ന ചോദ്യത്തിന് മറുപടി നൽകാനും തയാറായില്ലെന്ന് അവർ പറയുന്നു. തുടർന്ന് ജിയോളജി വിഭാഗം ഡയറക്ടറെ കണ്ടപ്പോൾ അദ്ദേഹം അനുമതി നൽകാൻ ഡെപ്യൂട്ടി ഡയറക്ടറോട് നിർദ്ദേശിച്ചതനു രിച്ച് വീണ്ടും പെർമിറ്റ് നൽകുമെന്നറിയിച്ചു. അടുത്ത ദിവസവും എത്തിയപ്പോൾ ബന്ധപ്പെട്ട സെക്ഷൻ ജീവനക്കാർ പെർമിറ്റ് നൽകാൻ തയാറായില്ല. 

വില്ലേജാഫീസ്, താലൂക്ക് തഹസീൽദാർ ആഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ഒരു മാസത്തിലധികം എടുത്ത് നടത്തിയ പരിശോധനകളെല്ലാം കഴിഞ്ഞ് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി ജിയോളജി വകുപ്പിൽ ഒന്നര മാസം മുമ്പ് എത്തിയ ഫയലാണ് ജീവനക്കാർ തട്ടിക്കളിക്കുന്നതെന്നാണ് ആക്ഷേപം. വീട്ടുവളപ്പിൽ കിടക്കുന്ന മണ്ണ് വാരി പുറത്തേക്കിട്ടാൽ ഏതെങ്കിലും മണ്ണ് കോൺട്രാക്ടർ അത് എടുത്ത് പൊയ്ക്കോളുമെന്ന ഉപദേശവും ജീവനക്കാർ നൽകിയതായും ദുരിത ബാധിതർ പറയുന്നു. പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പു നൽകുമ്പോഴാണ് സാർക്കാറിന് നാണക്കേടും ദുരന്ത ബാധിതർക്ക് ദുരിതവും വർദ്ധിപ്പിക്കുന്ന കെടുകാര്യസ്ഥതയുടെ വിളനിലമായി ജിയോളജി വകുപ്പ് മാറിയിരിക്കുന്നത്.