വീടിനുള്ളിൽ സ്ഥാപിച്ച ക്യാമറയിൽ മോഷ്ടാവിന്‍റെ അവ്യക്തമായ ദൃശ്യമുണ്ട്
ആലപ്പുഴ: മാവേലിക്കരയിലെ വീട് അടച്ചിട്ട് വീട്ടുകാർ മകളുടെ വീട്ടിൽ പോയി മടങ്ങി വന്നപ്പോഴേക്കും മോഷണം നടന്നതായി പരാതി. അടച്ചിട്ട വീട്ടിൽനിന്ന് 40000 രൂപയും ഒന്നരപ്പവന്‍റെ സ്വർണാഭരണങ്ങളും മോഷണം പോയെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്. കോട്ടയ്ക്കകം ജാനകിമന്ദിരം രവികുമാറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം വെളുപ്പിന് മോഷണം നടന്നത്. ഹൈദരാബാദിൽ മകളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻപോയ കുടുംബം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. വീടിന്‍റെ മുൻവശത്തെ വാതിലിന്‍റെ താഴ് തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടു. വീടിനുള്ളിൽ സ്ഥാപിച്ച ക്യാമറയിൽ മോഷ്ടാവിന്‍റെ അവ്യക്തമായ ദൃശ്യമുണ്ട്. ക്യാമറ ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ഇത് ഓഫ്ചെയ്ത ശേഷമാണ് മോഷണം നടത്തിയത്.
സമീപത്തുതന്നെ താമസമില്ലാത്ത കോട്ടയ്ക്കകം പായിക്കാട്ട് പി എ അയ്യപ്പന്റെ വീട്ടിലും മോഷ്ടാക്കൾ കയറിയിട്ടുണ്ട്. മുൻവശത്തെ വാതിൽ തകർത്താണ് അകത്തുകടന്നത്. മൂന്ന് അലമാരകളും കുത്തിത്തുറന്ന് നശിപ്പിച്ചു. ഇവിടെനിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പായിക്കാട്ട് വീട്ടിൽ ഒന്നരയോടെ എത്തിയ മോഷ്ടാവ് 2.30ന് തിരികെയെത്തി വാതിൽ പൊളിക്കുകയായിരുന്നു. കാമറയിൽ മോഷ്ടാവ് എത്തിയതിന്റെ ദൃശ്യം കണ്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന വീട്ടുകാരാണ് പൊലീസിനെ ഫോണിൽ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിലായി എന്നതാണ്. മോഷ്ടിച്ച സ്കൂട്ടറിലെത്തി കവർച്ചനടത്തുന്നവരാണ് പിടിയിലായത്. കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. ടിക് ടോക്ക് ഇൻസ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.
