ഇന്നലെ പതിവുപോലെ മക്കളെ സ്കൂളിലാക്കി ഭാര്യയും ഭർത്താവും പുറത്തുപോയി. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്.

കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ അടച്ചിട്ട ഫ്ലാറ്റിൽ നിന്ന് 17 പവനും അരലക്ഷം രൂപയും കവർന്നു. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരി പ്രവീണിന്റെ ഫ്ലാറ്റിലാണ് മോഷണം നടന്നത്. ടൗൺ പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂരിൽ സ്റ്റാർ ഗോൾഡ് എന്ന സ്ഥാപനം നടത്തുന്ന പ്രവീണും കുടുംബവും ആറു വർഷമായി ലിവ് ഷോർ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. ഇന്നലെ പതിവുപോലെ മക്കളെ സ്കൂളിലാക്കി ഭാര്യയും ഭർത്താവും പുറത്തുപോയി. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്.

തൊട്ടടുത്ത അടച്ചിട്ട രണ്ടു ഫ്ലാറ്റുകളുടെയും വാതിൽ തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്നും അന്വേഷണം ഊര്ജിതമാണെന്നും പോലീസ് അറിയിച്ചു.