മാഹി പള്ളിയില്‍ എത്തി മാതാവിന്റെ രൂപക്കൂടിന് മുന്നില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ കുറ്റ്യേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകള്‍ മേവ അഭിരാമിന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്.
കോഴിക്കോട്: മാതാപിതാക്കളോടൊപ്പം മാഹി പള്ളിയിലെത്തിയ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണ ഊരിയെടുത്ത കോട്ടയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്ന കോട്ടയം സ്വദേശി ഷിഹാബിനെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്. മാഹി പള്ളിയില്‍ എത്തി മാതാവിന്റെ രൂപക്കൂടിന് മുന്നില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ കുറ്റ്യേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകള്‍ മേവ അഭിരാമിന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാത്രിയാണ് അഭിരാമും കുടുംബവും മാഹി പള്ളിയില്‍ എത്തിയത്. രാത്രി ഒമ്പതേമുക്കാലോടെ മെഴുകുതിരി കത്തിക്കുമ്പോള്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ആരോ വള ഊരിയെടുത്തതായി കുട്ടി അമ്മയോട് പറഞ്ഞത്. കൂടെയുണ്ടായിരുന്ന ബന്ധു കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ഫോട്ടോ എടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ഫോട്ടോയിലുള്ള ഒരാള്‍ സംശയകരമായ സാഹചര്യത്തില്‍ അടുത്ത് നിന്ന് പെരുമാറിയതായി ബോധ്യമായി. തുടര്‍ന്ന് പള്ളി ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ വള ഊരി കടന്നുകളയുന്നത് വ്യക്തമായത്. ഉടന്‍ മാഹി പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഷിഹാബിനെ പിടികൂടിയത്.


