ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ദീപ ബസിൽ നിന്ന് ലഭിച്ച സ്വര്‍ണ ചെയിന്‍ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി. ഇത് നാലാം തവണയാണ് കണ്ടക്ടർ ദീപയും ഡ്രൈവർ ജയനും യാത്രക്കാർക്ക് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ നൽകുന്നത്.
ആലപ്പുഴ : ബസില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണ ചെയിന്‍ ഉടമസ്ഥന് നല്‍കി കണ്ടക്ടര്‍ മാതൃകയായി. ഹരിപ്പാട്ട് നിന്ന് തിരുവല്ലയ്ക്ക് പോയി മടങ്ങി വരുന്ന വഴി വീയപുരത്ത് വച്ചാണ് കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ ദീപക്ക് സീറ്റിനടിയിൽ നിന്ന് സ്വർണ്ണ ചെയിൻ കിട്ടിയത്. വിവരം ഡ്രൈവറെ അറിയിച്ചശേഷം ഹരിപ്പാട് ഡിപ്പോയിൽ ആഭരണം കൈമാറാമെന്നു കരുതി ഇരിക്കുമ്പോൾ എടത്വ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ കണ്ടക്ടർ ദീപയെ വിളിച്ചു ഒരു യാത്രക്കാരിയുടെ കൈ ചെയിൻ ബസ്സിൽ നഷ്ടപ്പെട്ട വിവരമറിയിച്ചു. ആഭരണം കിട്ടിയിട്ടുണ്ടെന്നും ഹരിപ്പാട് ഡിപ്പോയിലേക്ക് വന്നാൽ അധികൃതരുടെ അനുമതിയോടെ ആഭരണം നൽകാമെന്നുമറിയിച്ചു. തലവടി മകരച്ചാൽ സ്വദേശി കൃഷ്ണകുമാരി അശോക് പിന്നാലെയുള്ള ബസിൽ ഹരിപ്പാട് ഡിപ്പോയിലെത്തി. തിരുവല്ലയിൽ നിന്ന് വെള്ളക്കിണറിനു ടിക്കറ്റെടുത്ത കൃഷ്ണകുമാരിയെ കണ്ടക്ടർ തിരിച്ചറിഞ്ഞു. തുടർന്നു ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ശരത് ചന്ദ്രന്റെ സാന്നിധ്യത്തിൽ സി വി ദീപയും ഡ്രൈവർ പി എസ് ജയനും ചേർന്നു ആഭരണം ഉടമക്ക് കൈമാറി.
ഇത് ആദ്യമല്ല…
നാലുമാസത്തിനിടെ നാലു തവണ ദീപയും ജയനും ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ച് യാത്രക്കാരുടെ നഷ്ടപ്പെട്ട ആഭരണങ്ങളടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ലഭിച്ചിരുന്നു. ആദ്യം ലഭിച്ച ഒരു പവന്റെ ആഭരണവും, പിന്നെ കിട്ടിയ 6000 രൂപയും വിലപിടിപ്പുള്ള രേഖകളുമടങ്ങിയ പേഴ്സും ഉടമസ്ഥരെ കണ്ടെത്തി കൈമാറിയിരുന്നു. എന്നാൽ ഹരിപ്പാട് നിന്ന് ആലപ്പുഴയ്ക്ക് പോകുമ്പോൾ വണ്ടാനത്തുവെച്ചു ലഭിച്ച ഒരു പവനോളം തൂക്കംവരുന്ന ആഭരണത്തിനു ഉടമസ്ഥൻ ഇതുവരെ എത്തിയിട്ടില്ല. അത് ദീപ കെഎസ്ആര്‍ടിസി ഡിപ്പോയിൽ ഏല്പിച്ചിട്ടുണ്ട്. ഉടമസ്ഥർ തെളിവുമായി ഏതു സമയത്ത് എത്തിയാലും ആഭരണം ലഭിക്കുമെന്ന് അവർ പറഞ്ഞു. മറ്റൊരു ദിവസം ഒരു കമ്മൽ നഷ്ടപ്പെട്ടതായി യാത്രക്കാരി കെഎസ്ആര്‍ടിസി അധികൃതരെ ഫോണിലൂടെ അറിയിച്ചപ്പോൾ ഡ്രൈവറായ ജയൻ ഗ്യാരേജിൽ കിടന്ന ബസ്സിൽ തിരച്ചിൽ നടത്തി കമ്മൽ കണ്ടെത്തി അധികൃതർ വഴി ഉടമസ്ഥക്ക് കൈമാറിയതും അടുത്തിടെയായിരുന്നു.


