ഓടിക്കൂടിയ നാട്ടുകാര്‍ ഷിജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സുല്‍ത്താന്‍ബത്തേരി: ഗുഡ്‌സ് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. താഴെ അരിവയല്‍ ജയ എസ്റ്റേറ്റിന് സമീപമുണ്ടായ അപകടത്തില്‍ അരിവയല്‍ ചെരിയം പുറത്ത് ഷിജു എന്ന കുട്ടന്‍ (39) ആണ് മരിച്ചത്. റോഡിന് താഴേക്ക് ഉരുണ്ടുപോയ ഗുഡ്‌സ് ഓട്ടോയുടെ ഡോറിനിടയില്‍പ്പെട്ടാണ് ഷിജു മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ ഷിജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

അതിനിടെ തിരുവനന്തപുരം കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപം വീടിന് തീപിടിച്ചു. കാഞ്ഞിരംപാറ വാർഡിൽ ഗീത ഹോസ്പിറ്റലിന് സമീപത്തെ ദീപുവിന്‍റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി ഏഴരയോട് കൂടിയാണ് സംഭവം. സംഭവം അറിഞ്ഞ് തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ റ്റി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു. തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീടിനകത്ത് ഉണ്ടായിരുന്ന കട്ടിൽ, മേശ, സെറ്റി, ഫാൻ, ഫ്രിഡ്ജ്, വസ്ത്രങ്ങൾ ഉൾപ്പടെ പൂർണ്ണമായും കത്തി നശിച്ചു. 

അഗ്നിശമന സേന സംഭവ സ്ഥലത്ത് കൃത്യസമയത്ത് എത്തിയത് കൊണ്ട് സ്വർണ്ണാഭരണങ്ങളും പ്രമാണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കത്തി നശിക്കാതെ വീണ്ടെടുക്കാൻ സാധിച്ചു. കൂടാതെ വീടിനകത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു. അതും കൃത്യമായി അഗ്നിശമന സേന വീട്ടിന് പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്ത കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്ന് അഗ്നിശമന സേന പറയുന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്: മോഷണക്കേസ്; അമ്മയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് നാല് വര്‍ഷം തടവും പിഴയും