സാധനം പിടിച്ചത് ശ്വാമിൽ നിന്ന്, ബാങ്കിടപാടും ഓര്‍ഡർ ചെയ്യുന്നതും അനൂപ്, വഴിത്തിരിവ് ചാരുംമൂട് എംഡിഎംഎ കേസിൽ
ചാരുംമൂട്: എംഡിഎംഎയുമായി യുവാവിനെ പിടി കൂടിയ സംഭവത്തിൽ കൂട്ടുപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലമേല്‍ ഉളവുക്കാട് മുറിയില്‍ മറ്റപ്പളളി വാര്‍ഡില്‍ കുമ്പഴ വീട്ടില്‍ വട്ടോളി എന്നു വിളിക്കുന്ന എസ് അനൂപ് (30) നെയാണ് നൂറനാട് പെലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഏപ്രില്‍ അഞ്ചിന് രാത്രി നൂറനാട് പൊലീസ് നടത്തിയ പരിശോധനയില്‍ പാലമേല്‍ എരുമക്കുഴി മുറിയില്‍ കാവില്‍ വീട്ടില്‍ ബി ശ്യാമിനെ (29) ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 10 ഗ്രാം എംഡിഎംഎ യുമായി നൂറനാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി എം കെ ബിനുകുമാര്‍ നടത്തിയ അന്വേഷണത്തില്‍ ശ്യാം എം ഡിഎംഎ വാങ്ങിയത് ബെംഗളൂരുവില്‍ നിന്നാണെന്നും ഇത് വാങ്ങുന്നതിന് പണം നല്‍കിയത് ശ്യാമിന്റെ സുഹൃത്തായ വട്ടോളി എന്നു വിളിക്കുന്ന അനൂപ് ആണെന്നും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ എറണാകുളം തമ്മനം ഭാഗത്തെ താവളത്തില്‍ നിന്നും എറണാകുളത്ത് കേബിള്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ ചെയ്യുന്ന ശ്യാമും അനൂപും വര്‍ഷങ്ങളായി രാസലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്.
ബെംഗളൂരുവിലെ രഹസ്യ കേന്ദ്രത്തില്‍ വിദേശികള്‍ ഉള്‍പ്പെടുന്ന സംഘം ഉണ്ടാക്കുന്ന എംഡിഎംഎ ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങി ഇവര്‍ ചില്ലറ വില്പന നടത്തി വരികയായിരുന്നു. ബെംഗളൂരുവിലെ ഇടപാടുകാരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആവശ്യമുളള രാസലഹരി ഓര്‍ഡര്‍ ചെയ്യുന്നതും പണം അയച്ചു നല്‍കുന്നതും അനൂപാണ്. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി എംകെ ബിനുകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിലെ ഇടപാടുകാരന്റെയും അനൂപിന്റെയും പങ്ക് വ്യക്തമായത്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ലഹരി ഇടപാടുകള്‍ക്കുളള പണം കൈമാറ്റത്തിന്റെ തെളിവുകള്‍ കണ്ടെത്തി. 2019 ല്‍ പന്തളത്തെ കവര്‍ച്ച കേസിലും 2022 ലെ നൂറനാട്ടെ വാഹനം കത്തിക്കല്‍ കേസിലുമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനൂപ് കഴിഞ്ഞ രണ്ട് വര്‍ഷമായി എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. അനൂപിനെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പിടിച്ചെടുത്ത രാസലഹരിയുടെ ഉറവിടം കണ്ടെത്താൻ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ലഹരി കടത്തും വില്പനയും വഴി ബിനാമി പേരിലും ഉണ്ടാക്കിയ സ്വത്തുക്കള്‍ കണ്ടെത്താനുളള പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. നൂറനാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സിനു വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കലേഷ്, എ ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


