വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി.
തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഹാളിന്റെ ചുവരിൽ അലങ്കാരപ്പണികൾ എന്ന രീതിയിൽ തടികൊണ്ടു നിർമ്മിച്ച സ്ഥലത്തും, ശുചി മുറിയിലെ വാഷ്ബേസിന് താഴെയായി ഇളക്കിയെടുക്കാൻ കഴിയുന്ന കബോർഡിനും പിന്നിലുള്ള രഹസ്യ മുറിയിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വീട്ടുടമ ഹനീഫ് ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇയാളെ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തി കൊണ്ട് വന്ന 18 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു.
കൃത്യമായ നിരീക്ഷണത്തിലൂടെയും മികച്ച ഇടപെടലിലൂടെയും മയക്കുമരുന്ന് പിടിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ അഭിനന്ദിക്കുന്നുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. മയക്കുമരുന്ന് മാഫിയയെ തുടച്ചുനീക്കുന്ന നടപടികൾ സർക്കാർ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


