കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ തലവൻ കൊപ്പാറ ബിജുവും സംഘവുമാണ് അറസ്റ്റിലായത്

അമ്പലപ്പുഴ: പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ തലവൻ കൊപ്പാറ ബിജുവും സംഘവും അറസ്റ്റിൽ. അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എസ്. ദ്വിജേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 

മാവേലിക്കര തഴക്കര പഞ്ചായത്ത് 15ാം വാർഡിൽ അറുനൂറ്റിമംഗലം മുറിയിൽ മാധവം വീട്ടിൽ ബിജു (കൊപ്പാറ ബിജു -42), മാവേലിക്കര പഞ്ചായത്ത് 12ആം വാർഡിൽ കുറത്തികാട് കാരോലിൽ വീട്ടില്‍ ബിനു (42), മാന്നാർ ചെന്നിത്തല പഞ്ചായത്ത് എട്ടാം വാർഡിൽ ചെറുകോൽ മുറിയിൽ കുറ്റിയാറ കിഴക്കേതിൽ വീട്ടിൽ ജിജോ വർഗീസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ സംശയാസ്പദമായി തീരദേശ റോഡിൽ വളഞ്ഞവഴിയിൽ നിൽക്കുന്നതുകണ്ടാണ് പൊലീസ് ഇവരെ ചോദ്യംചെയ്തത്. തുടര്‍ന്ന് സംഘം പൊലീസിനു നേർക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പണത്തെ ചൊല്ലി വഴക്ക്, ബാറിൽ അടിപിടി, ബിയർ കുപ്പികൊണ്ട് തലക്കടി, മൂന്നുപേർ പിടിയിൽ

എറണാകുളം പള്ളിക്കരയിലെ ബാറിൽ സംഘർഷമുണ്ടാക്കിയ മൂന്നുപേ‍ർ അറസ്റ്റിൽ. കാക്കനാട് തെങ്ങോട് സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിനിടെ ബിയ‍ർ കുപ്പികൊണ്ട് പ്രതികൾ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

മദ്യപിച്ച ശേഷം രണ്ട് സംഘങ്ങൾ തമ്മിലുളള വഴക്കാണ് സംഘർഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീണ്ടത്. പളളിക്കര സ്വദേശികളായ ബിനോയ്, ജോമോൻ, മാത്തച്ചൻ എന്നിവ‍ർക്കായിരുന്നു പരിക്കേറ്റത്. ബിയർ കുപ്പികൊണ്ട് തലയ്ക്കടിയേറ്റ ബിനോയിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഈ സംഭവത്തിലാണ് കാക്കനാട് തെങ്ങോട് സ്വദേശി ഷാൻ, വെസ്റ്റ് മോറക്കാല സ്വദേശി വിനീഷ് ചന്ദ്രൻ, മനയ്ക്കക്കടവ് സ്വദേശി രാകേഷ് എന്നിവർ പിടിയിലായത്.

സംഭവത്തിനു ശേഷം പ്രതികൾ ഒളിവിലായിരുന്നു. പൊലീസ് പിടിക്കാതിരിക്കാൻ മൊബൈൽ ഫോൺ ഉപേക്ഷിച്ചു. തുടർന്ന് തൃപ്പൂണിത്തുറയിൽവെച്ചാണ് പ്രതികൾ പിടിയിലായതെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു. പണത്തെ ചൊല്ലി ഈ രണ്ട് സംഘങ്ങളും തമ്മിൽ നേരത്തെ തന്നെ വഴക്ക് നടന്നിരുന്നു. ബാറിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഇതേച്ചൊല്ലി തർക്കിച്ചതോടെയാണ് സംഘർഷത്തിലേക്ക് നീണ്ടത്.