Asianet News MalayalamAsianet News Malayalam

സ്വകാര്യ എസ്റ്റേറ്റിനു വേണ്ടി വീട്ടമ്മയുടെ 31 സെന്റിൽ ഗുണ്ടകളെയിറക്കി വഴിവെട്ട്, പ്രതികളെ തൊടാതെ പൊലീസ്

ഒരു മനുഷ്യന്‍റെ ജീവിക്കാനുളള അവകാശത്തിനുമേല്‍ അക്രമികള്‍ നടത്തിയ ക്രൂരമായ കടന്നു കയറ്റത്തിന്‍റെ ഇരകളാണ് കൊല്ലം പട്ടാഴി സ്വദേശിനി ജലജകുമാരിയും ഭര്‍ത്താവ് മോഹനനും.

goons attack and land encroachment in Kollam
Author
Kollam, First Published Jan 20, 2022, 7:50 AM IST

കൊല്ലം: നാട്ടിലെ നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് കൊല്ലം പട്ടാഴിയില്‍ ഗുണ്ട സംഘത്തിന്റെ അതിക്രമം. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള മുപ്പത്തിയൊന്ന് സെന്‍റ് സ്ഥലത്തെ മണ്ണു നീക്കി ഗുണ്ടാ സംഘം ഒറ്റരാത്രി കൊണ്ട് സ്വകാര്യ റബര്‍ എസ്റ്റേറ്റിനു വേണ്ടി വഴി വെട്ടി. പത്തുലക്ഷത്തോളം രൂപയുടെ മരങ്ങളും പിഴുതെറിഞ്ഞ അക്രമികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.

ഒരു മനുഷ്യന്‍റെ ജീവിക്കാനുളള അവകാശത്തിനുമേല്‍ അക്രമികള്‍ നടത്തിയ ക്രൂരമായ കടന്നു കയറ്റത്തിന്‍റെ ഇരകളാണ് കൊല്ലം പട്ടാഴി സ്വദേശിനി ജലജകുമാരിയും ഭര്‍ത്താവ് മോഹനനും. ജലജയുടെ ഉടമസ്ഥതയിലുളള മുപ്പത്തിയൊന്നു സെന്‍റ് സ്ഥലത്തിനു കുറുകേ ഒറ്റ രാത്രി കൊണ്ടാണ് അക്രമികള്‍ അടുത്തുളള റബര്‍ എസ്റ്റേറ്റിനു വേണ്ടി വഴിവെട്ടിയത്. ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്ന് ദിവസം അഞ്ചു കഴിഞ്ഞെങ്കിലും അക്രമികളില്‍ ഒരാളെ പോലും പിടികൂടാന്‍ പൊലീസ് തയാറായിട്ടില്ല.

ഈ മാസം പതിനഞ്ചിനാണ് അമ്പതോളം പേരടങ്ങുന്ന അക്രമി സംഘം മണ്ണുമാന്ത്രി യന്ത്രവും ആയുധങ്ങളുമായി എത്തി പുരയിടത്തിനു നടുവിലൂടെ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെ വഴിവെട്ടിയത്. വഴി വെട്ടി മണ്ണു നീക്കിയെന്നു മാത്രമല്ല പുരയിടത്തിലുണ്ടായിരുന്ന മരങ്ങളത്രയും പിഴുതു മാറ്റുകയും ചെയ്തു അക്രമികള്‍

ജലജാകുമാരി എന്ന വീട്ടമ്മയുടെ  ഉടമസ്ഥതയിലുളള ഭൂമിയിലാണ് അക്രമികളുടെ അഴിഞ്ഞാട്ടം. ഇവരുടെ പുരയിടത്തിനടുത്തുളള റബര്‍ എസ്റ്റേറ്റിലേക്ക് വഴി വെട്ടാനായിരുന്നു അതിക്രമം. പിഴുതെറിഞ്ഞ മരങ്ങളില്‍ വിലപിടിപ്പുളളവ അക്രമികള്‍ കടത്തി കൊണ്ടു പോവുകയും ചെയ്തു. യുഡിഎഫ് നേതാവായ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുളളവരുടെ നേതൃത്വത്തിലാണ് ഗൂണ്ടായിസം നടന്നതെന്ന് കുടുംബം ആരോപിക്കുന്നു. തെന്‍മലയില്‍ താമസിക്കുന്ന കുടുംബം അതിക്രമ വിവരമറിഞ്ഞ് പട്ടാഴിയില്‍ എത്തിയപ്പോഴേക്കും അക്രമികള്‍ വാഹനങ്ങളുമായി കടന്നിരുന്നു.

വഴി വെട്ടാന്‍ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്‍റെ ചിത്രമടക്കം വച്ചാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തുച്ഛമായ വിലയ്ക്ക് പുരയിടം വാങ്ങാനുളള റബര്‍ എസ്റ്റേറ്റ് ഉടമയുടെ ആവശ്യം നിരസിച്ചതോടെയാണ് നാട്ടിലെ നിയമത്തെയും നിയമപാലകരെയുമെല്ലാം വെല്ലുവിളിച്ചു കൊണ്ട് ഈ അക്രമം നടന്നത്. ഒരു സാധാരണക്കാരന്‍റെ പുരയിടത്തില്‍ കയറി ഇത്ര വലിയ അതിക്രമം കാട്ടിയിട്ടും ഒരാളെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിളെ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios