ഒന്നര വർഷം മുൻപ് തീരുമാനമായി, പക്ഷേ, സർക്കാർ ഉറപ്പുകൾ എല്ലാം പാഴ്‍വാക്കായി; വീണ്ടും സമരവുമായി അരിപ്പ സമരസമിതി
മന്ത്രിതല ചർച്ചകളും പല തവണയുണ്ടായെങ്കിലും ഉറപ്പുകൾ വാഗ്ദാനങ്ങളായി തന്നെ ഇപ്പോഴും തുടരുകയാണ്. റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ നിന്ന് ഭൂമി ഏറ്റെടുത്ത് നൽകുന്നതിനും സർവ്വേ നടത്തുന്നതിനും പുനലൂർ തഹസിൽദാരെ ചുമതലപ്പെടുത്തിയെങ്കിലും നടപടി തുടങ്ങിയിട്ടില്ല.

കൊല്ലം: സർക്കാർ ഉറപ്പുകൾ പാഴ്വാക്കായതോടെ വീണ്ടും സമരവുമായി അരിപ്പ സമരസമിതി. ഭൂപ്രശ്നം പരിഹരിക്കുമെന്ന് ഒന്നര വർഷം മുൻപ് മന്ത്രിതല ചർച്ചയിൽ തീരുമാനം എടുത്തെങ്കിലും നടപ്പായില്ലെന്നാണ് വിമർശനം. ഭൂമി ഏറ്റെടുത്ത് നൽകണം എന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് തീരുമാനം. 2012 ഡിസംബറിലാണ് ഭൂമി ആവശ്യപ്പെട്ട് കൊല്ലം കുളത്തൂപ്പുഴയ്ക്ക് സമീപത്തുള്ള അരിപ്പയിൽ സമരം തുടങ്ങിയത്.
സെക്രട്ടേറിയറ്റിന് മുന്നിലടക്കം സമരമേറെ നടത്തി. മന്ത്രിതല ചർച്ചകളും പല തവണയുണ്ടായെങ്കിലും ഉറപ്പുകൾ വാഗ്ദാനങ്ങളായി തന്നെ ഇപ്പോഴും തുടരുകയാണ്. റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ നിന്ന് ഭൂമി ഏറ്റെടുത്ത് നൽകുന്നതിനും സർവ്വേ നടത്തുന്നതിനും പുനലൂർ തഹസിൽദാരെ ചുമതലപ്പെടുത്തിയെങ്കിലും നടപടി തുടങ്ങിയിട്ടില്ല.
ഭൂസമരം മൂന്നു മാസത്തിനകം പരിഹരിക്കുമെന്ന് 2018 നവംബറിൽ റവന്യു - വനം മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ചിൽ തീരുമാനമെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് അരിപ്പ സമരസമിതി പറയുന്നു. ഗുണഭോക്തൃ പട്ടിക പോലും തയ്യാറാക്കാതെയാണ് സർക്കാർ നടപടി ഇഴഞ്ഞ് നീങ്ങുന്നത്. ഭൂമി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.
ഇതിനിടെ മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി സർക്കാരിനെ വിമർശിക്കുന്ന നടൻ ജയസൂര്യയുടെ വീഡിയോ ആണ് വൈറലാകുന്നത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമർശിച്ചു.
മന്ത്രി പി രാജീവിന്‍റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ. ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാൻ കേരളത്തിലുള്ളവർക്കും അവകാശമുണ്ടെന്നും നടൻ പറഞ്ഞു.അരി, പച്ചക്കറികളുടെ ക്വാളിറ്റി പരിശോധന ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ജയസൂര്യ പറഞ്ഞു. സൂഹൃത്തായ കര്‍ഷകന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് ജയസൂര്യ സംസാരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം