തിരുവനന്തപുരം: സർക്കാർ ആശുപത്രികൾക്ക് നൽകുന്ന ദേശീയ ഗുണനിലവാര അംഗീകാരം ഉയർന്ന സ്കോറോടെ കരസ്ഥമാക്കി രണ്ടാം തവണയും നേടിയെടുത്ത് കേരളം. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബ ആരോഗ്യകേന്ദ്രമാണ് 99 എന്ന സ്കോറോടെ ദേശിയ ഗുണനിലവാര അംഗീകാരം(എൻ ക്യൂ എ എസ്) കരസ്ഥമാക്കി ദേശിയതലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം കാസർകോട് കയ്യൂർ കുടുംബ ആരോഗ്യകേന്ദ്രം ഇതേ സ്‌കോർ കരസ്ഥമാക്കി രാജ്യത്ത് തന്നെ ഒന്നാമത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഉയർന്ന സ്കോറോടെ പൂഴനാട് കുടുംബ ആരോഗ്യകേന്ദ്രം ശ്രദ്ധ നേടിയിരിക്കുന്നത്. ജൂൺ 3, 4 തീയതികളിൽ ദില്ലിയിൽ നിന്നുള്ള ഡോ. വന്ദന സായിനി, മധ്യപ്രദേശിൽ നിന്നുള്ള ഡോ. ബസന്ത് കുമാർ ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ നടന്ന എൻ ക്യൂ എ എസ് പരിശോധനയ്കൊടുവിലാണ് ആശുപത്രിക്ക് അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. 

അൻപത് വിവിധ നിലവാരങ്ങൾ പരിശോധിച്ച ശേഷമാണ് സംഘം മാർക്ക് നൽകിയത്. ഒരു ദിവസം ശരാശരി 250 രോഗികൾ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. 2018ലാണ് പൂഴനാട് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. ആശുപത്രി ജീവനക്കാരുടെയും ആശാ വർക്കർമാരുടെയും മേൽനോട്ടത്തിലുള്ള കൃഷിത്തോട്ടം, ഹെർബൽത്തോട്ടം, പൂന്തോട്ടം, സർവ്വസജ്ജമായ ലാബ്, ഫാർമസി എന്നിവ ഇവിടെയുണ്ട്. ശ്വാസ്, ആശ്വാസ്, എൻ സി ഡി, കൗമാരാരോഗ്യ  ക്ലിനിക്കുകൾ എന്നിവ മുടങ്ങാതെ നടന്നു വരുന്നുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് കുടുംബ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം.