ഓരോ തെരഞ്ഞെടുപ്പിലും നൽകുന്ന മോഹന വാഗ്ദാനം മാത്രമായി ഇക്കുറിയും സംസ്ഥാനത്തെ ലൈഫ് ഗാർഡുമാരുടെ ജോലി സ്ഥിരത ഒതുങ്ങി...

തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് ഗാർഡുമാരുടെ ജോലി സ്ഥിരപ്പെടുത്താം എന്നുള്ളത് വീണ്ടും വാക്കിൽ മാത്രം ഒതുങ്ങി. അധികം ലൈഫ് ഗാർഡുമാരും അംഗങ്ങളായുള്ള സി.ഐ.ടി.യുവി യൂണിയൻ ഇടപെട്ടിട്ടും ഫഭലം കണ്ടില്ല. ഇക്കുറിയും ജോലി സ്ഥിരത എന്ന മോഹന വാഗ്ദാനങ്ങളിൽ വഞ്ചിതരായി സംസ്ഥാനത്തെ ലൈഫ് ഗാർഡുകൾ. 

ഓരോ തെരഞ്ഞെടുപ്പിലും നൽകുന്ന മോഹന വാഗ്ദാനം മാത്രമായി ഇക്കുറിയും സംസ്ഥാനത്തെ ലൈഫ് ഗാർഡുമാരുടെ ജോലി സ്ഥിരത ഒതുങ്ങി. ഇക്കുറി ജോലി സ്ഥിരത ഉൾപ്പടെ ഉറപ്പാക്കുമെന്ന് സി.ഐ.ടി.യു യൂണിയൻ നേതാക്കൾ ഇടപ്പെട്ട് മറ്റുള്ളവർക്ക് ഉറപ്പ് നൽകിയിരുന്നുയെങ്കിലും പതിറ്റാണ്ടുകളായി ഉള്ള ഇൻഷുറൻസ് പരിരക്ഷ എന്ന ആവശ്യം പോലും നേടിയെടുക്കാൻ സാധിച്ചില്ല എന്ന ആരോപണമുണ്ട്. 

തൊഴിൽ സുരക്ഷയോ മതിയായ ജീവൻ രക്ഷാ ഉപകരണങ്ങളോ ഇല്ലാതെ സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ദിവസവേതനത്തിൽ ജോലിയെടുക്കുന്ന ഇവരിൽ 1986ലെ സംസ്ഥാനത്തെ ആദ്യ ലൈഫ് ഗാർഡ് ബാച്ചിലെ രണ്ടുപേർ ഉൾപ്പടെയുള്ളവരുണ്ട്. കോവളം മുതൽ കാസർഗോഡ് വരെയുള്ള കടൽത്തീരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റുമായി അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട 250 ഓളം പേരിൽ പകുതിയിലേറെയും പത്ത് വർഷത്തിൽ കൂടുതലായി ജോലിയിൽ തുടരുന്നവരാണ്. 

ബീച്ചുകളിൽ ദീർഘ നേരം തുടർച്ചയായി പണിയെടുക്കുന്നത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് കണ്ടതോടെ ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം അട്ടിമറിച്ച അധികൃതർ ഇവർക്ക് നൽകിയിരുന്ന റിസ്ക് അലവൻസും കഴിഞ്ഞ മാസം മുതൽ വെട്ടിക്കുറച്ചിരിക്കുകയാണ്. ഗാർഡുമാരെ നിയമിക്കുന്നതും പരിശീലനം നൽകുന്നതും ടൂറിസം വകുപ്പാണ്. നിയമനങ്ങളിൽ കാര്യക്ഷമതയില്ലാത്തവരെയും കടലിൽ നീന്താൻ ശരിക്കറിയാത്തവരെയും തിരുകി കയറ്റുകയാണെന്നും ഇത് രക്ഷാ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവുകയാണെന്നുമുള്ള ആരോപണം ശക്തമാണ്. പത്ത് ലൈഫ് ഗാർഡുകൾക്ക് ഒരു സൂപ്പർവൈസർ വേണമെന്ന നിബന്ധനയും അട്ടിമറിച്ചിരിക്കുന്നുവെന്നാണ് ആരോപണം.