കൊച്ചിയിലെ നഗര നിരത്തുകളില്‍ കോറിയിടപ്പെട്ട സിക്ക് ഗ്രാഫിറ്റികള്‍ കൃത്യമായി പോസ്റ്റ് ചെയ്തിരുന്ന ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൊടുന്നനെ അപ്രത്യക്ഷമായതും പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്

മരട്: കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു പിന്നില്‍ ആരെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ട് മരട് നഗരസഭ സെക്രട്ടറി പരാതി നല്‍കിയതിനു പിന്നാലെയാണ് മരട് പൊലീസ് അന്വേഷണം തുടങ്ങിയത്. നഗരനിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റി ചിത്രങ്ങള്‍ അപ് ലോ‍ഡ് ചെയ്ത ചില ഇന്‍സ്റ്റഗ്രാം പേജുകളും പൊലീസ് നിരീക്ഷണത്തിലാണ്.

കൊച്ചി നഗരത്തില്‍ വ്യാപകമായി പൊതുഇടങ്ങളില്‍ നിറയുന്ന ഈ വരകളെ കുറിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരസഭകളും സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും റോഡുകളിലെ ദിശാസൂചകങ്ങളുമടക്കം വികൃതമാക്കുന്ന തരത്തിലുളള കുത്തിവരകള്‍ പൊതുമുതല്‍ നശീകരണത്തിന്‍റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മരട് നഗരസഭ പൊലീസിനെ സമീപിച്ചത്. പരാതി കിട്ടിയതിനു പിന്നാലെ പൊലീസ് പ്രാഥമിക അന്വേഷണവും തുടങ്ങി. എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട മേഖലകളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട അന്വേഷണം.മതിയായ തെളിവുകള്‍ ലഭിച്ചാല്‍ കേസ് എടുക്കുമെന്നും മരട് പൊലീസ് അറിയിച്ചു.

രാത്രിയുടെ മറവില്‍ നഗരമാകെ ഒരു പോലെ വരച്ചിടപ്പെട്ട സിക്ക് എന്ന വാക്കിന് ലോകമാകെ ഗ്രാഫിറ്റി കലാകാരന്‍മാര്‍ക്കിടയില്‍ വലിയ പ്രചാരമുണ്ട്. ഇതേ പേരില്‍ തന്നെ ഉളള ഒട്ടേറെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ലോകത്തിന്‍റെ പലഭാഗത്തു നിന്നും ഉളള ഇത്തരം വരകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. കൊച്ചിയിലെ നഗര നിരത്തുകളില്‍ കോറിയിടപ്പെട്ട സിക്ക് ഗ്രാഫിറ്റികള്‍ കൃത്യമായി പോസ്റ്റ് ചെയ്തിരുന്ന ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൊടുന്നനെ അപ്രത്യക്ഷമായതും പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുഇടങ്ങള്‍ വികൃതമാക്കുന്നതിനപ്പുറം എന്തെങ്കിലും ഗൗരവസ്വഭാവം ഈ വരകള്‍ക്കില്ലെന്ന അനുമാനമാണ് ഇപ്പോള്‍ പൊലീസ് പങ്കുവയ്ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം